റിയാദ് - ദേശ വൈവിധ്യങ്ങളുടെ കലാസംസ്‌കാരങ്ങളെ അടുത്തറിയാൻ ഈദ് ദിനത്തോടനുബന്ധിച്ച് മുറബ്ബയിലെ റിയാദ് അവന്യൂ മാളിൽ പഞ്ചദിന സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. സൗദി, ഇന്ത്യൻ, ഫിലിപ്പിനോ, ഈജിപ്ഷ്യൻ, സിറിയൻ കലാപരിപാടികളാണ് സന്ദർശകർക്കായി അവന്യൂ മാളിൽ ഒരുക്കുന്നത്.
പെരുന്നാൾ ദിനം മുതൽ അഞ്ചു ദിവസം രാത്രി 8.30 മുതൽ 11 വരെ നടക്കുന്ന കലാസന്ധ്യയിൽ വിവിധ തരം സൗദി സാംസ്‌കാരിക പരിപാടികൾ, അർദ, സൗദി ബാൻഡ്‌മേളം, സൗദി കിഡ്‌സ് ഡാൻസ്, കാപ്റ്റൻ മഹ്ബൂബിന്റെ മാജിക് ഷോ, ഫിലിപ്പിനോ ബാൻഡ് മേളം, ഇന്ത്യൻ ബാൻഡ് മേളം, സൗദി-ബോളിവുഡ് ഗായകൻ അഹമ്മദ് സുൽത്താന്റെ നേതൃത്വത്തിലുള്ള ഗാനമേള,
ഈജിപ്ഷ്യൻ തന്നൂറ ഡാൻസ്, സിറിയൻ അർദ എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് മാൾ ഓപറേഷൻസ് ഹെഡ് അബ്ദുൽ അസീസ് അൽഖഹ്താനി പറഞ്ഞു. കൂറ്റൻ എൽ.ഇ.ഡി സ്‌ക്രീൻ പ്രോഗ്രാമുകൾക്ക് മിഴിവേകും. പരിപാടിക്കെത്തുന്ന എല്ലാവർക്കും പ്ലേ ആന്റ് വിൻ എന്ന പരിപാടിയിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്.
റമദാനോടനുബന്ധിച്ച് കണ്ണഞ്ചും രൂപത്തിലുള്ള അലങ്കാരങ്ങളും കിടയറ്റ ഓഫറുകളുമാണ് മാളിൽ ഒരുക്കിയിട്ടുള്ളത്.