പെരുന്നാൾ ദിനത്തിൽ തിയേറ്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും
റിയാദ് - പെരുന്നാൾ ആഘോഷത്തിന് കൊഴുപ്പേകുന്നതിനും സ്വദേശികളുടെയും വിദേശികളുടെയും സന്ദർശകരുടെയും മനസ്സുകളിൽ ആഹ്ലാദം നിറക്കുന്നതിനും നഗരസഭകളും ബന്ധപ്പെട്ട വകുപ്പുകളും വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. റിയാദിൽ പെരുന്നാളിന് 220 ആഘോഷ, വിനോദ പരിപാടികൾ അരങ്ങേറും. നഗരത്തിലെ 30 ഇടങ്ങളിൽ പരിപാടികൾ നടക്കും.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ, കാർണിവലുകൾ, സിനിമകൾ, ത്രീ-ഡി ലേസർ പ്രദർശനം, സ്‌പോർട്‌സ് മത്സരങ്ങൾ, വയർലസ് കാർ പ്രദർശനം, റിമോട്ട് കൺട്രോൾ വിമാനങ്ങളുടെ പ്രദർശനം, വാഹനാഭ്യാസ പ്രകടനം, ഓപ്പറെ, അർദ നൃത്തം, കംപ്യൂട്ടർ ഗെയിം മത്സരം എന്നിവ അടക്കമുള്ള പരിപാടികളാണ് റിയാദിൽ നടക്കുക.
ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ പെരുന്നാൾ ദിവസങ്ങളിൽ 80 പരിപാടികൾ സംഘടിപ്പിക്കും. ഒന്നാം പെരുന്നാൾ മുതൽ അഞ്ചു ദിവസമാണ് സർക്കസുകളും നാടകങ്ങളും അടക്കമുള്ള വിനോദ പരിപാടികളുണ്ടാവുക. പാർക്കുകളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. പെരുന്നാളിന് രാജ്യത്തെ പ്രധാന മാളുകളും സിനിമാ തിയേറ്ററുകളും 24 മണിക്കൂറും പ്രവർത്തിക്കും. റിയാദിലെ അൽഖസർ, ഗർണാത, റിയാദ് പാർക്, കിംഗ്ഡം സെന്റർ മാളുകളും ജിദ്ദയിൽ റെഡ് സീ മാളും ദമാമിൽ ദാരീൻ മാളുമാണ് 25 മണിക്കൂറും പ്രവർത്തിക്കുകയെന്ന് സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് അറിയിച്ചു. റിയാദ് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ എ.എം.സി തിയേറ്റർ, റിയാദിലെയും ജിദ്ദയിലെയും മാളുകളിൽ പ്രവർത്തിക്കുന്ന വോക്‌സ് സിനാമാസ് തിയേറ്ററുകൾ എന്നിവ പെരുന്നാൾ ദിവസങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കും.