റിയാദ് - സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമാണ്. തൊട്ടു മുൻ പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായിരുന്നു. സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനവും വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31.7 ശതമാനവുമാണ്.
സൗദികളും വിദേശികളും അടക്കം രാജ്യത്തെ ആകെ ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ആകെ ജനസംഖ്യയിലെ തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനമായിരുന്നു. സ്വകാര്യ, പൊതുമേഖലകളിൽ ആകെ 31,12,029 സൗദികൾ ജോലി ചെയ്യുന്നുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ ആകെ ജോലിക്കാരുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം തൊഴിലന്വേഷകരായ 9,45,323 സ്വദേശികൾ രാജ്യത്തുണ്ട്.