പെരിന്തൽമണ്ണ- പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ സംഘം ചേർന്നു മാരകമായി മർദിച്ചതായി പരാതി. ദേഹമാസകലം മുറിവേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര ചുണ്ടമ്പറ്റ നാഷിദ് അലി(20) ക്കാണ് ക്രൂരമായി മർദനമേറ്റത്. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. അങ്ങാടിപ്പുറം വലമ്പൂരിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവിന്റെ ബൈക്ക് കാണാതായി. അന്വേഷിക്കുന്നതിനിടെ ബൈക്ക് അടുത്തുള്ള കുന്നിൻ മുകളിലുണ്ടെന്നു പറഞ്ഞു നാലംഗ സംഘം കൂട്ടിക്കൊണ്ടുപോയി. കുന്നിൻ മുകളിലെത്തിച്ച് മർദിച്ചു. തുടർന്നു സമീപത്തുള്ള റയിൽവെ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പു വടി കൊണ്ടടിക്കുകയും പിന്നീട് ഒരു വീട്ടിൽ കൊണ്ടുപോയി കാലുകൾ മേലോട്ടു കെട്ടി തൂക്കി കയ്യിലും കാലിലും കത്തി കൊണ്ടു വരഞ്ഞു വ്രണപ്പെടുത്തുകയും ചെയ്തു. കാലിനടിയിൽ തീ കൊണ്ടു പൊള്ളച്ചതായും തന്നെ കൊണ്ടു മൂത്രം കുടിപ്പിച്ചതായും യുവാവ് പോലീസിനു മൊഴി നൽകി. യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.