Sorry, you need to enable JavaScript to visit this website.

ബാങ്ക് അക്കൗണ്ടിലേക്കും പണമയക്കാം; പ്രവാസികളെ ആകര്‍ഷിക്കാന്‍ എസ്ടിസി പേ

ജിദ്ദ- സൗദി ടെലികോം കമ്പനിക്കു കീഴിലെ മൊബൈല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ എസ്ടിസി പേ പ്രവാസികളെ ആകര്‍ഷിക്കാന്‍ മലയാളത്തില്‍ കാമ്പയിന്‍ തുടങ്ങി. നാട്ടിലേക്ക് പണമയക്കുന്നതിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുമാണ് പ്രവാസികളെ ആകര്‍ഷിക്കുന്നത്. പെരുന്നാള്‍ അവധി തുടങ്ങിയതിനാല്‍ റെമിറ്റന്‍സ് കേന്ദ്രങ്ങളിലെ തിരക്ക് കണക്കിലെടുത്ത് മൊബൈല്‍ ആപ്പ് വഴിയുള്ള ഇന്റര്‍നാഷണല്‍ റെമിറ്റന്‍സ് ധാരാളം പേര്‍ ഉപോയഗിക്കുന്നുണ്ട്. മൊബൈലുകളിലേക്കാണ് എസ്ടിസി പേയുടെ പരസ്യങ്ങള്‍ വരുന്നത്.

നേരത്തെ വെസ്റ്റേണ്‍ യൂനിയന്‍ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു പണം സ്വീകരിക്കാന്‍ സൗകര്യമെങ്കില്‍ ഇപ്പോള്‍ നാട്ടിലെ വിവിധ ബാങ്കുകളും എസ്ടിസി പേ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണം അയക്കുന്നതിനുള്ള ചാര്‍ജായ 15 റിയാലിന്റെ പകുതി ക്യാഷ് ബാക്കായി നല്‍കുന്ന ആനകൂല്യം ജൂണ്‍ 20 വരെ തുടരും. ആദ്യമായി പണം അയക്കുമ്പോള്‍ എസ്.ടി.സി ഉപയോക്താവാണെങ്കില്‍ മൂന്ന് ജിബി ഡാറ്റ സൗജ്യനമായി ലഭിക്കും. താരതമ്യേന ഉയര്‍ന്ന വിനിമയ നിരക്കും എസ്ടിസി പേ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യന്‍ ബാങ്കുകളിലേക്ക് റിയാലിന് 18.32 രൂപയും ക്യാഷ് പിക്കപ്പിന് 18.23 രൂപയുമാണ് ജൂണ്‍ രണ്ടിലെ നിരക്ക്. ബാങ്ക് അല്‍ ജസീറയുടെ കീഴിലുള്ള ഫൗരി മണി ട്രാന്‍സ്ഫറില്‍ ജൂണ്‍ രണ്ടിന് 18.36 ആണ് നിരക്ക്.
എസ്ടിസി പേ വഴിയായാലും മറ്റു റെമിറ്റന്‍സ് സെന്ററുകള്‍ വഴിയായാലും വിനിമയ നിരക്ക് പരിശോധിച്ചുവേണം അയക്കാന്‍. വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്ത നിരക്കുകളാണ് നല്‍കുന്നത്.

സാധാരണ ഓണ്‍ലൈന്‍ വാലറ്റ് പോലെ തന്നെ, ഇഖാമയിലും അബ്ശിറിലും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് എസ്ടിസി പേയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും എസ് ടി സി ആപ് ഡൗണ്‍ലോഡ് ചെയ്തു മൊബൈല്‍ നമ്പറും ഇഖാമ നമ്പറും നല്‍കി അക്കൗണ്ട് തുറക്കാനാകും. എസ്എംഎസ് വെരിഫിക്കേഷനു ശേഷമാണു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുന്നത്.

അക്കൗണ്ട് തുറക്കുന്നതോടെ റിയാദ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക് എന്നിവയുടെ രണ്ടു ബാങ്ക് അക്കൗണ്ട് നമ്പറുകളും  സദാദ് നമ്പറും ലഭ്യമാകും. ഇവയിലേക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം ഡെപ്പോസിറ്റ് ചെയ്യാം. ഇതിന് ഇപ്പോള്‍ പ്രത്യേക ഫീ ഈടാക്കുന്നില്ല. എസ്ടിസി പേ കേന്ദ്രങ്ങളില്‍ ലഭ്യമായ പോയിന്റെ ഓഫ് സെയില്‍സ് ഡിവൈസ് വഴിയും നിങ്ങളുടെ എസ്ടിസി പേ വാലറ്റിലേക്ക് പണം ഡെപ്പോസിറ്റ് ചെയ്യാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എ.എന്‍.ബി, റിയാദ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വാലറ്റിലേക്ക് പണം ഡെപ്പോസിറ്റ് പൂര്‍ത്തിയാകാന്‍ ഒരു ദിവസമെടുക്കും. എന്നാല്‍ സദാദ് വഴി തത്സമയം തന്നെ പണം ഡെപ്പോസിറ്റ് ചെയ്യാം. ഇതിന് 4.73 റിയാല്‍  ചാര്‍ജ് ഈടാക്കുമെങ്കിലും നിലവില്‍ സൗജന്യമാണ്.


ബാങ്ക് അക്കൗണ്ടിനു ഇന്റര്‍നാഷണല്‍ ബാങ്കിങ് (ഐബാന്‍) നമ്പറടക്കമുള്ളതായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറമെ നിന്ന് ഇങ്ങോട്ട് പണം എത്തിക്കാനും കഴിയും.
അടുത്തിടെയാണ് ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ വ്യാപകമാക്കാന്‍ സൗദി കേന്ദ്ര ബാങ്കായ സാമ അനുമതി നല്‍കിയത്.

 

Latest News