ജിസാൻ - ദക്ഷിണ സൗദിയിലെ ജിസാൻ, അസീർ, നജ്‌റാൻ പ്രവിശ്യകളിൽ ഇന്നലെ അപ്രതീക്ഷിതമായി വൈദ്യുതി വിതരണം മുടങ്ങിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. വൈദ്യുതി വിതരണം മുടങ്ങിയതിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി. മോശം കാലാവസ്ഥയാണ് വൈദ്യുതി മുടങ്ങാൻ ഇടയാക്കിയതെന്ന് കമ്പനി പറഞ്ഞു. പടിപടിയായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് കമ്പനിക്കു കീഴിലെ ഫീൽഡ് സാങ്കേതിക സംഘങ്ങൾ തീവ്രശ്രമം തുടരുകയാണെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. ജിസാൻ പ്രവിശ്യയിലെ എല്ലാ പ്രദേശങ്ങളിലും എത്രയും വേഗം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ നിർദേശം നൽകി.