Sorry, you need to enable JavaScript to visit this website.

ഇസ്ലാമിക ലോകം ഇറാനെ ഒറ്റപ്പെടുത്തി-ആദില്‍ ജുബൈര്‍

ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിനും വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറും മക്കയിൽ പത്രസമ്മേളനത്തിൽ.

മക്ക - അറബ് രാജ്യങ്ങളില്‍  സായുധ മിലീഷ്യകളെ പ്രോത്സാഹിപ്പിക്കുന്ന ഇറാനെ ഇസ്ലാമിക ലോകം ഒറ്റപ്പെടുത്തിയിരിക്കയാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. പതിനാലാമത് ഇസ്ലാമിക് ഉച്ചകോടിക്കു ശേഷം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിനൊപ്പം  പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളുടെ എംബസികളില്‍ പോലും ഇറാന്‍ സ്ഫോടനങ്ങള്‍ നടത്തി. മറ്റു രാജ്യങ്ങളില്‍ മിലീഷ്യകളെ വളര്‍ത്തിക്കൊണ്ടുവരികയാണ്.  ഭീകരതക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കും വേണ്ടി പണം ചെലവഴിക്കുന്നതിനു പകരം  സ്വന്തം ജനതയുടെ വികസനത്തിനും പുരോഗതിക്കും ഇറാന്‍ ഭരണകൂടം ഊന്നല്‍ നല്‍കണം. സൗദിയിലെ എണ്ണ പമ്പിംഗ് നിലയങ്ങള്‍ക്കും യു.എ.ഇ തീരത്ത് എണ്ണ കപ്പലുകള്‍ക്കും നേരെയുണ്ടായതു പോലുള്ള ആക്രമണങ്ങള്‍ അറബ്, ഗള്‍ഫ്, ഇസ്ലാമിക് രാജ്യങ്ങള്‍ അംഗീകരിക്കില്ല. മക്കയില്‍ ചേര്‍ന്ന ഇസ്ലാമിക ഉച്ചകോടി ഇറാനെ വ്യക്തമായി അപലപിച്ചിരിക്കയാണ്.

ഇസ്ലാമിക രാജ്യങ്ങളില്‍ വിഭാഗീയത പ്രചരിപ്പിക്കുന്ന് ഇറാന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു. ഇസ്ലാമിക രാജ്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സ്വന്തം ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള നിരവധി അവസരങ്ങളും വലിയ ശേഷിയും ഇസ്ലാമിക രാജ്യങ്ങള്‍ക്കു മുന്നിലുണ്ട്. എന്നാല്‍ ഈ അവസരങ്ങള്‍ നശിപ്പിക്കുന്നതിനും വിഭാഗീയത പ്രചരിപ്പിക്കുന്നതിനും മിലീഷ്യകള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ നല്‍കുന്നതിനുമാണ് ഇറാന്‍ ശ്രമിക്കുന്നത്. മറ്റു രാജ്യങ്ങളുടെ പരമാധികാരം ഇറാന്‍ മാനിക്കുന്നില്ല. ഭീകരതയുടെ ഒന്നാമത്തെ സ്പോണ്‍സര്‍മാരാണ് ഇറാന്‍. ആഗോള സമൂഹം ഇറാനെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ പ്രവര്‍ത്തന ശൈലി തുടര്‍ന്നാല്‍ കൂടുതല്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരുമെന്ന സന്ദേശം ആഗോള സമൂഹം ഇറാന് നല്‍കിയിട്ടുണ്ട്.  
ഫലസ്തീനികളുടെ അവകാശങ്ങളുടെ കാര്യത്തില്‍ ഇസ്ലാമിക്, അറബ്, ഗള്‍ഫ് രാജ്യങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിന് മക്കയില്‍ ചേര്‍ന്ന മൂന്നു ഉച്ചകോടികള്‍ക്ക് സാധിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അറബ് സമാധാന പദ്ധതിയുടെയും അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന വ്യക്തമായ സന്ദേശമാണ് മൂന്നു ഉച്ചകോടികളും ലോകത്തിന് നല്‍കിയതെന്ന് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.

 

Latest News