മക്ക - ഏഴു ദശകമായി തുടരുന്ന ഫലസ്തീൻ പ്രശ്‌നത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന പോംവഴിയിൽ ഉറച്ചുനിൽക്കുമെന്ന് പതിനാലാമത് ഇസ്‌ലാമിക് ഉച്ചകോടി അർഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കി. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന ഫലസ്തീനികളുടെയും അറബികളുടെയും സ്വപ്‌നം ചവിട്ടിയരച്ച് ഏകപക്ഷീയമായ പരിഹാരം അടിച്ചേൽപിക്കുന്നതിനുള്ള യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കങ്ങൾ ഒരിക്കലും സ്വീകാര്യമല്ലെന്ന വ്യക്തമായ സന്ദേശമാണ് വിശുദ്ധ ഹറമിനോട് ചേർന്ന അൽസ്വഫാ കൊട്ടാരത്തിൽ ചേർന്ന ഉച്ചകോടിയിൽ സംസാരിച്ച രാഷ്ട്ര നേതാക്കളെല്ലാം നൽകിയത്.
ഉച്ചകോടിയിൽ സംസാരിച്ച കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിറും ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവും ഇക്കാര്യം ഊന്നിപ്പറഞ്ഞു. അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഫലസ്തീനികളെ സഹായിക്കുന്നതിന് ഇസ്‌ലാമിക് രാജ്യങ്ങൾ പ്രയത്‌നങ്ങൾ ഏകീകരിക്കണമെന്ന് ജോർദാൻ രാജാവ് ആവശ്യപ്പെട്ടു. കടുത്ത സാഹചര്യങ്ങളിലൂടെയാണ് ഫലസ്തീനികൾ കടന്നുപോകുന്നത്. അമ്പതു ലക്ഷത്തോളം ഫലസ്തീനികൾക്ക് സഹായങ്ങൾ നൽകുന്ന യു.എൻ ഏജൻസിക്ക് പിന്തുണ നൽകണം.
ജറൂസലം നഗരത്തിൽ തൽസ്ഥിതി അടിച്ചേൽപിക്കുന്നതിനുള്ള ഏതു ശ്രമങ്ങളും ശക്തിയുക്തം ചെറുക്കണം. 1967 ലെ അതിർത്തിയിലുള്ള ദ്വിരാഷ്ട്രപരിഹാരമെന്ന അറബ് സമാധാന പദ്ധതി ഒ.ഐ.സി അംഗീകരിച്ചിട്ടുണ്ടെന്നും ജോർദാൻ രാജാവ് പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിക്ക് പിന്തുണ നൽകുമെന്നും പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു. ഫലസ്തീനികൾക്ക് സംരക്ഷണം നൽകണമെന്നും ഇസ്‌ലാമിക് ലോകത്ത് അഭിവൃദ്ധിയുണ്ടാക്കുന്നതിന് ശ്രമം തുടരണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ ഹസീന വാജിദ് ആവശ്യപ്പെട്ടു. ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി പറഞ്ഞു. വിദ്വേഷ, വംശീയ വ്യാപനവും ഭീകരതയും മതതീവ്രവാദവുമാണ് ഇസ്‌ലാമിക് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ. വിഭാഗീയ സംഘർഷങ്ങളിൽ നിന്നും ചേരിതിരിവുകളിൽ നിന്നും മേഖലയെ മോചിപ്പിക്കുന്നതിന് എല്ലാവരും ശ്രമം തുടരണമെന്നും ഈജിപ്ഷ്യൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.