Sorry, you need to enable JavaScript to visit this website.

ആധാറും പാന്‍ കാര്‍ഡും: ജനം നെട്ടോട്ടത്തില്‍

നെടുമ്പാശ്ശേരി- പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം വന്നതോടെ ജനം നെട്ടോട്ടത്തില്‍. പലരുടെയും പാന്‍ കാര്‍ഡിലെ പേരും ആധാറിലെ പേരും വ്യത്യസ്തമാണ്.  പേരിന്റെ സ്ഥാനത്ത് പലര്‍ക്കും അച്ഛന്റെ പേരും ഇനീഷ്യലും ചേര്‍ന്നാണ് പാന്‍ കാര്‍ഡില്‍. എന്നാല്‍ ആധാറില്‍ പേരു മാത്രമേ കാണൂ. വിവാഹിതരായ സ്ത്രീകളാണ് ഇതില്‍ കൂടുതലായും കഷ്ടപ്പെടുന്ന പ്രധാന വിഭാഗം. പലരും വിവാഹ ശേഷം ഭര്‍ത്താവിന്റെ പേരു ചേര്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തതോടെ പല കാര്‍ഡുകളില്‍ പല പേരുകളായി. പേരിലെ ഇനീഷ്യലിലെ കുത്ത് പോലുള്ള പ്രത്യേക ചിഹ്നങ്ങളും തടസ്സം സൃഷ്ടിക്കുന്നു. ജനനത്തീയതി ആണ് മറ്റൊരു പ്രശ്‌നം. ആധാറില്‍ ജനിച്ച വര്‍ഷം മാത്രം രേഖപ്പെടുത്തിയതാണ് പ്രശ്‌നമാകുന്നത്. ആധാര്‍ തിരുത്തിയാലേ ഇനി പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനാകൂ. ആധാര്‍ തിരുത്താന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന അക്ഷയ സെന്ററുകളില്‍ വന്‍ തിരക്കാണ്. വിദ്യാര്‍ഥികളുടെ വിവിധ കോഴ്‌സുകളിലേക്കള്ള പ്രവേശന ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി അവരുമെത്തിയതോടെയാണ് അക്ഷയ സെന്ററുകളില്‍ തിരക്ക് വര്‍ധിച്ചത്. ആധാര്‍ തിരുത്താനുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റാകട്ടെ തിരക്ക് മൂലം വളരെ പതുക്കെയാണ് പ്രവര്‍ത്തനം. പാന്‍ കാര്‍ഡ് തിരുത്താന്‍ ആകട്ടെ പണച്ചെലവ് കൂടുതലാണെന്ന് മാത്രമല്ല ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുകയും, സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഒപ്പം വെക്കുകയും ചെയ്യണം. ഇതോടെ ഉദ്യോഗസ്ഥര്‍ ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ ഒഴിവാക്കുകയാണ്. 25 മുതല്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ പുനരാരംഭിക്കാനിരിക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും ബുദ്ധിമുട്ടിലായി.

 

Latest News