കൊണ്ടോട്ടി- ഈ വർഷം ഹജ് വളണ്ടിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) കേരളത്തിൽ നിന്ന് പുറപ്പെടുന്നത് 56 പേർ. ഹജ് വളണ്ടിയർ അപേക്ഷയിൽ രണ്ടു ദിവസങ്ങളിലായി നടന്ന അഭുമുഖം പൂർത്തിയായി. 237 പേരാണ് ഈ വർഷം ഹജ് വളണ്ടിയർമാരായി പോകാൻ അപേക്ഷ നൽകി അഭിമുഖത്തിന് എത്തിയത്. ഇതിൽ 56 പേരെയാണ് തെരഞ്ഞെടുക്കുക. സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴിൽ ഹജിന് പോകുന്ന തീർത്ഥാടകരെ ഹജ് വേളയിൽ സഹായിക്കുന്നതിനായാണ് വളണ്ടിയർമാരെ അയക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് സംസ്ഥാന ഹജ്ജ് കമ്മറ്റി അടുത്ത ദിവസം കേന്ദ്ര ഹജ് കമ്മിറ്റിക്ക് കൈമാറും. ലിസ്റ്റിന് കേന്ദ്രമാണ് അംഗീകാരം നൽകുന്നത്.
ഇവരുടെ യാത്ര ചെലവ് കേന്ദ്ര-സംസ്ഥാന ഹജ് കമ്മിറ്റികൾ വഹിക്കും. അപേക്ഷകർ കൂടുതലുളളതിനാലാണ് രണ്ടു ദിവസം അഭിമുഖം കരിപ്പൂർ ഹജ് ഹൗസിൽ വെച്ച് നടത്തിയത്. 200 തീർത്ഥാടകന് ഒരു വളണ്ടിയർ എന്ന തോതിലാണ് തെരഞ്ഞെടുക്കുന്നത്