മക്ക - ലോക സമാധാനത്തിനും സുരക്ഷക്കും ഇറാൻ സൃഷ്ടിക്കുന്ന ഭീഷണികൾ ചെറുക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വം വഹിക്കണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആവശ്യപ്പെട്ടു. മക്ക അൽസ്വഫ കൊട്ടാരത്തിൽ ചേർന്ന അടിയന്തര അറബ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് മേഖലയിൽ സംഘർഷങ്ങൾ കുത്തിപ്പൊക്കുകയും അസ്ഥിരതയുണ്ടാക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്ന ഇറാനെ നിലക്കുനിർത്താൻ ആഗോള സമൂഹം രംഗത്തിറങ്ങണമെന്ന് സൽമാൻ രാജാവ് ആവശ്യപ്പെട്ടത്. വിനാശകരമായ പ്രവർത്തനങ്ങളാണ് ഇറാൻ നടത്തുന്നത്. മേഖലയിലും ലോകത്തും ഇറാൻ ഭരണകൂടം ഭീകരത സ്‌പോൺസർ ചെയ്യുന്നു. ഇറാൻ ഭരണകൂടത്തെ നിലക്കുനിർത്തുന്നതിനും വിപുലീകരണ മോഹങ്ങളിൽ നിന്ന് തടയുന്നതിനും എല്ലാ മാർഗങ്ങളും സ്വീകരിക്കണം.
അറബ് രാജ്യങ്ങളുടെ ആർജിത നേട്ടങ്ങളും സാമ്പത്തിക, സാംസ്‌കാരിക, ചരിത്ര സമ്പന്നതയും പ്രതിഫലിപ്പിക്കുന്ന നിലക്ക്, ലോകത്ത് സ്വാധീനം ചെലുത്തുന്ന സാമ്പത്തിക, സാംസ്‌കാരിക കേന്ദ്രമായി അറബ് ലോകത്തെ മാറ്റുന്നതിന് നാം ഒരുമിച്ച് പ്രവർത്തിക്കണം. അറബ് രാജ്യങ്ങളുടെ ആർജിത നേട്ടങ്ങൾ സംരക്ഷിക്കുന്നതിന് നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കണം. വികസനവും അഭിവൃദ്ധിയും ശക്തിപ്പെടുത്തുന്നതിനും ഇറാൻ ജനത അടക്കം മേഖലയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും ശാശ്വത സമാധാനം യാഥാർഥ്യമാക്കുന്നതിനും മേഖലയിലെയും ലോകത്തെയും എല്ലാ രാജ്യങ്ങളുമായും സഹകരിക്കുന്നതിനും കൂടിയാലോചനകൾ നടത്തുന്നതിനും സൗദി അറേബ്യ എക്കാലവും ശ്രമം തുടരും. മേഖലയിൽ ഇറാൻ ഭരണകൂടം നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ ചെറുക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കാതിരിക്കുന്നതാണ് ഭീകരപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന് ഇറാന് പ്രേരകമാകുന്നത്.
നിയമാനുസൃതമായ മുഴുവൻ അവകാശങ്ങളും ഫലസ്തീനികൾക്ക് ലഭിക്കുന്നതുവരെ അറബ് രാജ്യങ്ങളുടെ ഒന്നാമത്തെ പ്രശ്‌നമായി ഫലസ്തീൻ പ്രശ്‌നം തുടരും. അറബ് ദേശീയ സുരക്ഷ തകർക്കുന്നതിനും അറബ് രാജ്യങ്ങളിൽ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന കുതന്ത്രങ്ങൾക്കും ഇറാൻ ഭരണകൂടം നേരിട്ടും ഏജൻസികൾ വഴിയും നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്കുമിടെയും വികസനവും പുരോഗതിയും കൈവരിക്കുന്നതിനും അറബ് സുരക്ഷ സംരക്ഷിക്കുന്നതിനും അറബ് രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു.
തുനീഷ്യൻ പ്രസിഡന്റ് ബേജി ഖായിദ് അസ്സബ്‌സിയുടെ പ്രസംഗത്തോടെയാണ് അടിയന്തര അറബ് ഉച്ചകോടിക്ക് തുടക്കമായത്. വെല്ലുവിളികൾ നേരിടുന്നതിന് പരസ്പര സഹകരണത്തോടെയുള്ള ശ്രമം തുടരണമെന്ന് തുനീഷ്യൻ പ്രസിഡന്റ് പറഞ്ഞു. യു.എ.ഇ തീരത്തു വെച്ച് എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണം മേഖലാ സുരക്ഷക്കും ലോക വ്യാപാരത്തിനും ഭീഷണിയാണ്. ഹൂത്തി മിലീഷ്യകൾ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സൗദി നഗരങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിനെ തുനീഷ്യൻ പ്രസിഡന്റ് അപലപിച്ചു. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.