മക്ക - മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും മേഖലയിൽ സംഘർഷങ്ങൾക്ക് തിരികൊളുത്താനും ശ്രമിക്കുന്ന ഇറാന് താക്കീതായി അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികൾ. മക്കയിൽ വിശുദ്ധ ഹറമിന്റെ ചാരത്തുള്ള അൽസ്വഫ കൊട്ടാരത്തിലാണ് അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികൾ ചേർന്നത്. സൗദിയിൽ എണ്ണ പമ്പിംഗ് നിലയങ്ങൾക്കു നേരെ ഹൂത്തി മിലീഷ്യകൾ ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും യു.എ.ഇ തീരത്തുവെച്ച് രണ്ടു സൗദി എണ്ണ കപ്പലുകൾക്കും യു.എ.ഇ, നോർവേ എന്നീ രാജ്യങ്ങളുടെ ഓരോ എണ്ണ കപ്പലുകൾക്കും നേരെ ഭീകരാക്രമണങ്ങളുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഉച്ചകോടി. സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് മക്കയിൽ അടിന്തര ഗൾഫ്, അറബ് ഉച്ചകോടികൾ വിളിച്ചുചേർത്തത്.
രാജ്യരക്ഷയും ഭദ്രതയും ലക്ഷ്യമിട്ട നിരവധി വെല്ലുവിളികൾ തരണം ചെയ്യുന്നതിനും വെല്ലുവിളികൾക്കിടെയും ആർജിത നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക, സാമൂഹിക വികസനം സാക്ഷാൽക്കരിക്കാനും സൗദി അറേബ്യക്കും ഗൾഫ് രാജ്യങ്ങൾക്കും സാധിച്ചതായി ഉച്ചകോടിയിൽ സംസാരിച്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു. എല്ലാ വെല്ലുവിളികളും ഭീഷണികളും നിശ്ചയദാർഢ്യത്തോടെ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും.
മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകളും ആണവ, മിസൈൽ പദ്ധതികൾ വികസിപ്പിക്കുന്നതും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്നതും ലോക സമാധാനം കാത്തുസൂക്ഷിക്കുന്നതിനുള്ള യു.എൻ ചാർട്ടറുകളുടെയും നിയമങ്ങളുടെയും വെല്ലുവിളിയാണ്. സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിനുള്ള ഭീഷണി ലോകത്ത് എണ്ണ ലഭ്യതക്ക് ഭീഷണിയാണ്.
ലോകത്ത് തങ്ങളുടെ സ്വാധീനവും ആധിപത്യവും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാലു ദശകമായി ഇറാൻ ഭരണകൂടം ഭീകരതക്ക് പിന്തുണ നൽകുകയും സുരക്ഷക്കും ഭദ്രതക്കും ഭീഷണി സൃഷ്ടിക്കുകയുമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളും ചാർട്ടറുകളും നിരാകരിക്കുന്നു.
യു.എ.ഇ തീരത്തു നാലു വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളും സൗദിയിൽ രണ്ടു എണ്ണ പമ്പിംഗ് നിലയങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും ആർജിത നേട്ടങ്ങളും സംരക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.
മേഖലയുടെ സുരക്ഷയും ഭദ്രതയും സമാധാനവുമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. യുദ്ധക്കെടുതികളിൽനിന്ന് മേഖലയെ അകറ്റിനിർത്താനും സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഇറാൻ ജനത അടക്കം മേഖലയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സമാധാനവും ഭദ്രതയും അഭിവൃദ്ധിയുമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. സൗദി അറേബ്യ എക്കാലവും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കും. മേഖലയിൽ സമാധാനവും സുരക്ഷാ ഭദ്രതയുമുണ്ടാക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങൾക്കും പിന്തുണ നൽകുന്നത് സൗദി അറേബ്യ തുടരും. മേഖലയിൽ ഇറാൻ നടത്തുന്ന നശീകരണ പ്രവർത്തനങ്ങൾ ചെറുക്കാൻ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നത് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന് ഇറാന് പ്രേരകമായി. ഇന്ന് കാണുന്ന നിലയിൽ മേഖലയിൽ സംഘർഷം മൂർഛിക്കുന്നതിനും ഇതാണ് ഇടയാക്കിയത്.
ലോക സമാധാനത്തിനും സുരക്ഷക്കും ഇറാൻ സൃഷ്ടിക്കുന്ന ഭീഷണികൾ ചെറുക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വം വഹിക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്നും അന്താരാഷ്ട്ര കടലിടുക്കുകളിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്നതിൽനിന്നും ഭീകരപ്രവർത്തനങ്ങൾ സ്‌പോൺസർ ചെയ്യുന്നതിൽനിന്നും ഇറാനെ തടയുന്നതിനും ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തണമെന്നും സൽമാൻ രാജാവ് പറഞ്ഞു.