മസ്‌കത്ത്- ഒമാനില്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം അനുവദിക്കണമെന്ന മാനവ വിഭവ മന്ത്രാലയത്തിന്റെ ഉത്തരവ് ശനിയാഴ്ച പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് അവസാനം വരെയാണ് നിര്‍ദേശം നിലനില്‍ക്കുക. നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം.
ശാരീരിക പ്രയാസങ്ങളില്‍നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവന്നത്. ചൂട് കനക്കുന്ന കാലാവസ്ഥയില്‍ വിശ്രമ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷവും നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളും. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ. നിര്‍ദേശത്തെ തുടര്‍ന്ന് ചൂട് കുറഞ്ഞ സമയങ്ങളിലേക്ക് ജോലി സമയം ക്രമീകരിക്കുകയാണ് കമ്പനികള്‍ ചെയ്ത് വരുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.