ദുബായ്- എട്ട് വയസ്സുകാരന്‍ ഉമര്‍ മുഹമ്മദ് അല്‍ ഹജ്ജാജിന്റെ മുടി അസാധാരണമാം വിധം വളര്‍ന്നതാണ്. 17 ഇഞ്ച് നീളം. പെണ്‍കുട്ടികള്‍ക്ക് പോലുമില്ലാത്ത കേശ സമൃദ്ധി. പക്ഷെ ഉമറിന്റെ ഈ മുടിവളര്‍ത്തലിന് കാരണമറിഞ്ഞാല്‍ ഉള്ളം തണുക്കും. അര്‍ബുദ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ മുറിച്ചുനല്‍കുന്നതിനായാണ് ഉമര്‍ മുടി വളര്‍ത്തുന്നത്.
ദുബായിലെങ്ങും ഇപ്പോള്‍ സംസാരവിഷയമാണ് ഉമറിന്റെ ഈ സന്നദ്ധത. ഫാഷന്‍ എന്ന നിലയിലോ, മറ്റുള്ളവര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാനോ അല്ല ഉമറിന്റെ ഈ പ്രയത്‌നം. അത് വേദനിക്കുന്ന രോഗികള്‍ക്ക് അല്‍പം സമാശ്വാസം ഇറ്റുനല്‍കാന്‍ മാത്രം. യു.എ.ഇയുടെ ഭരണാധികാരികള്‍ ഉമറിനെ അഭിനന്ദിക്കാനെത്തിയത് വെറുതെയല്ല.
അല്‍ മവാക്കിബ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹജ്ജാജ്. മൂന്നു വയസ്സുള്ളപ്പോള്‍ മുതല്‍ മുടി വളര്‍ത്തുന്നു. കീമോ തെറാപ്പിയുടെ പാര്‍ശ്വഫലം മൂലം മുടി കൊഴിഞ്ഞുപോകുന്നവര്‍ക്കായി വിഗുണ്ടാക്കാന്‍ മുടി സംഭാവന ചെയ്യാനിരിക്കുകയാണ് ഉമര്‍.
അര്‍ബുദം കൊണ്ട് കഷ്ടപ്പെടുന്ന അമ്മായിയെ കണ്ടാണ് ഈ തീരുമാനം ഉമര്‍ എടുത്തത്. മൂന്നാം തവണയാണ് ഉമര്‍ മുടി വളര്‍ത്തുന്നത്. രണ്ടു തവണയും മുടി സംഭാവന നല്‍കി.
വിവരം അറിഞ്ഞ യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉമറിനെ അല്‍ ബത്തീന്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തി അഭിനന്ദനം നേര്‍ന്നു.