ജിദ്ദ- ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ച് സൗദി സമ്പദ് വ്യവസ്ഥക്ക് കരുത്തു പകർന്ന നേതാവാണ് കിരീടാവകാശിയായി നിയമിതനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പ്രാദേശിക സാമ്പത്തിക വളർച്ച സാധ്യമാക്കിയും ആഗോള കമ്പനികളിലും പദ്ധതികളിലും വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയും പൊതു വരുമാനം വർധിപ്പിക്കുന്നതിനും സമ്പദ് വ്യവസ്ഥയുടെ കരുത്ത് വർധിപ്പിക്കുന്നതിനും സാധിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് അമേരിക്കയിൽ നടത്തിയ സന്ദർശനത്തിടെ ലോക ഐ.ടി കേന്ദ്രമായ സാൻഫ്രാൻസിസ്‌കോയിലെ സിലിക്കൺവാലി സന്ദർശിച്ച മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആപ്പിൾ സി.ഇ.ഒ ടിം കുക്, ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബെർഗ്, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 580 ബില്യൺ ഡോളർ ആസ്തിയുള്ള ഈ കമ്പനികളെ സൗദിയിൽ നിക്ഷേപം നടത്തുന്നതിനും വാണിജ്യ ബന്ധം ശക്തമാക്കുന്നതിനും സൗദികൾക്ക് പരിചയസമ്പത്ത് കൈമാറുന്നതിനും കിരീടാവകാശി ക്ഷണിച്ചു. സൗദികൾക്ക് പരിശീലനം നൽകുന്നതിന് മൈക്രോസോഫ്റ്റുമായും സിസ്‌കോയുമായും അദ്ദേഹം ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.
കഴിഞ്ഞ ജൂൺ മുതൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആഗോള തലത്തിൽ ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിന് ആരംഭിച്ചു. 350 കോടി ഡോളറിന് ഊബർ ടാക്‌സി കമ്പനിയുടെ അഞ്ചു ശതമാനം ഓഹരികൾ വാങ്ങിയതും പതിനായിരം കോടി ഡോളർ മുതൽമുടക്കോടെ സോഫ്റ്റ് ബാങ്ക് വിഷൻ നിധി സ്ഥാപിക്കുന്നതിനുള്ള കരാറും ഇക്കൂട്ടത്തിൽ പെടും. സാമ്പത്തിക, വികസന സമിതി പ്രസിഡന്റ് എന്ന നിലക്കാണ് സാമ്പത്തിക പരിഷ്‌കരണ പദ്ധതികൾക്ക് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചുക്കാൻ പിടിച്ചത്. ഈ വർഷം പിറന്ന ശേഷം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമായ നൂനിൽ 100 കോടി ഡോളർ മുതൽമുടക്കി. കമ്പനിയുടെ 50 ശതമാനം ഓഹരികളാണ് ഫണ്ടിനുള്ളത്. ലോകത്തെ ഏറ്റവും വലിയ സോവറീൻ ഫണ്ട് ആയി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനെ മാറ്റിയെടുക്കുന്നതിനാണ് വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ ഫണ്ടിന്റെ ആകെ ആസ്തി 600 ബില്യൺ റിയാലാണ്. സൗദി അറാംകൊയുടെ ഉടമസ്ഥാവകാശം ഫണ്ടിലേക്ക് മാറ്റി ഇത് ഏഴു ട്രില്യൺ റിയാലായി ഉയർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് സാമ്പത്തിക, വികസന പദ്ധതിയായ വിഷൻ-2030 മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ അഞ്ചു ശതമാനം ഓഹരികൾ വിൽക്കുമെന്നും ലോകത്തെ ഏറ്റവും വലിയ സോവറീൻ ഫണ്ട് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷൻ-2030 പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്തുള്ള മുഴുവൻ വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള നിശ്ചയദാർഢ്യവുമായി മുന്നോട്ടു പോകുമെന്ന് സൗദി അറേബ്യ തെളിയിക്കുന്നു. ഈ പരിഷ്‌കരണങ്ങളുടെ ഫലങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രത്യക്ഷപ്പെട്ടു. ബജറ്റ് കമ്മി പ്രതീക്ഷിച്ചതിലും താഴേക്ക് കുറഞ്ഞതായി സൗദി അറേബ്യ അറിയിച്ചു. എണ്ണ യുഗത്തിനു ശേഷമുള്ള കാലം മുന്നിൽ കണ്ട് ഉറച്ച കാൽവെപ്പുകളോടെ മുന്നോട്ടു പോകുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു.
ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആയിരം ദിവസങ്ങൾക്കിടെ 70 ലേറെ രാജ്യങ്ങൾ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ചിട്ടുണ്ട്. നിരവധി രാഷ്ട്ര നേതാക്കളുടെ സൗദി സന്ദർശനത്തിന് അദ്ദേഹം ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മാസം 20, 21 തീയതികളിൽ റിയാദിൽ ചേർന്ന ജി.സി.സി-അമേരിക്ക, സൗദി-അമേരിക്ക, അറബ്-ഇസ്‌ലാമിക്-അമേരിക്ക ഉച്ചകോടികൾക്ക് പിന്നിൽ പ്രവർത്തിച്ചതും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനായിരുന്നു. 56 രാജ്യങ്ങളിൽനിന്നുള്ള രാഷ്ട്ര നേതാക്കളും ഉന്നതതല സംഘങ്ങളും ഉച്ചകോടികളിൽ പങ്കെടുത്തു. പ്രാദേശിക, ആഗോള തലത്തിൽ സൗദി അറേബ്യക്ക് ഏറെ മൈലേജ് നേടിക്കൊടുത്ത ഉച്ചകോടികളായിരുന്നു ഇവ.