Sorry, you need to enable JavaScript to visit this website.

മഅ്ദിൻ പ്രാർഥനാ സമ്മേളനത്തിന് തുടക്കം; സ്വലാത്ത് നഗറിൽ നാളെ ജനസാഗരം 

മലപ്പുറം സ്വലാത്ത് നഗറിൽ റമദാൻ 27ാം രാവ് പ്രാർഥനാ സമ്മേളനത്തിനായി പ്രധാന നഗരിയിൽ സ്ഥാപിച്ച പ്രവേശന കവാടം. 

മലപ്പുറം- ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ടമായ ലൈലത്തുൽ ഖദ്‌റിന്റെ പുണ്യം തേടി വിശ്വാസി സമൂഹം നാളെ മലപ്പുറം മേൽമുറി സ്വലാത്ത് നഗറിൽ ജനസാഗരം തീർക്കും. റമദാനിലെ അവസാന വെള്ളിയാഴ്ചയും 27ാം രാവും ഒരുമിക്കുന്ന വിശുദ്ധ ദിനത്തെ ധന്യമാക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പ്രാർഥനാ നഗരിയിലേക്കൊഴുകിയെത്തും. രണ്ടു ദിനങ്ങളിലായി നടക്കുന്ന പ്രാർഥനാ സമ്മേളന പരിപാടികൾ ഇന്നലെ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി പ്രാർഥനക്ക് നേതൃത്വം നൽകി. സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രഫ. കെ.എം.എ റഹീം, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി മഞ്ചേരി, സി.ടി മുഹമ്മദ് മുസ്‌ലിയാർ, അബൂബക്കർ സഖാഫി കുട്ടശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ലുക്മാനുൽ ഹക്കീം സഖാഫി പുല്ലാര, ദുൽഫുഖാറലി സഖാഫി, അബ്ദു ഹാജി വേങ്ങര എന്നിവർ പ്രസംഗിച്ചു. 
സമാപനദിന പരിപാടികൾക്കു ഇന്നു പുലർച്ചെ നാലിനു മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടക്കുന്ന ആത്മീയ സദസോടെ തുടക്കമാകും. പ്രാർഥനാ സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും വലിയ സമൂഹ ഇഫ്താറിന് സ്വലാത്ത് നഗർ സാക്ഷ്യം വഹിക്കും. മയ്യിത്ത് നിസ്‌കാരം, അവ്വാബീൻ നിസ്‌കാരം, തസ്ബീഹ് നിസ്‌കാരം, തറാവീഹ് എന്നിവ ഗ്രാൻഡ് മസ്ജിദിലും പ്രധാന നഗരിയിലുമായി നടക്കും.
രാത്രി ഒമ്പതിനു പ്രധാന വേദിയിൽ പ്രാർഥനാ സമ്മേളന സമാപന പരിപാടികൾക്ക് തുടക്കമാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും. സമസ്ത സെക്രട്ടറിമാരായ പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്്മാൻ സഖാഫി എന്നിവർ പ്രഭാഷണം നടത്തും. ഭീകര, വിധ്വംസക പ്രവണതകൾക്കെതിരെയുള്ള പ്രതിജ്ഞ ഖലീലുൽ ബുഖാരി ചൊല്ലിക്കൊടുക്കും. സ്വലാത്ത്, പാപമോചന പ്രാർഥന, പുണ്യപുരുഷൻമാരുടെയും മഹത്തുക്കളുടെയും അനുസ്മരണം, സമാപന പ്രാർഥന എന്നിവയും നടക്കും.

 

Latest News