Sorry, you need to enable JavaScript to visit this website.

അബ്ദുല്ലക്കുട്ടിയെ വേണ്ടെന്ന് ബി.ജെ.പി; മഞ്ചേശ്വരത്ത് പാർട്ടിയിൽ പൊട്ടിത്തെറി 

കാസർകോട്- മോഡി അനുകൂല പ്രതികരണം നടത്തി രംഗത്തു വന്ന കോൺഗ്രസ് നേതാവ് എ.പി. അബ്ദുല്ലക്കുട്ടിയെ മഞ്ചേശ്വരം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ മഞ്ചേശ്വരത്തെ ബി.ജെ.പിയിൽ പൊട്ടിത്തെറി. രാഷ്ട്രീയത്തിൽ വിശ്വാസ്യത ഇല്ലാത്ത നിലപാടുകൾ സ്വീകരിച്ച അബ്ദുല്ലക്കുട്ടിയെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേരളത്തിന്റെ വടക്കൻ അതിർത്തി മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരും പറയുന്നത്. അതോടൊപ്പം മഞ്ചേശ്വരം മണ്ഡലത്തിൽ അബ്ദുല്ലക്കുട്ടിയെ സ്ഥാനാർത്ഥിയാക്കിയാൽ മഞ്ചേശ്വരത്തെ പരമ്പരാഗതമായ ഹൈന്ദവ വോട്ടുകൾ ഒഴുകിപ്പോകുമെന്നും ബി.ജെ.പി ജില്ലാ നേതൃത്വം ഭയക്കുന്നു. കാസർകോട്, മഞ്ചേശ്വരം ഭാഗങ്ങളിലെ ഹൈന്ദവ വോട്ടുകളാണ് ബി.ജെ.പിയുടെ ശക്തിയും അടിത്തറയും. അതില്ലാതായാൽ കാസർകോട്ട് ബി.ജെ.പി ഇല്ലാതാകും. യു.ഡി.എഫും എൻ.ഡി.എയും ന്യൂനപക്ഷ വിഭാഗത്തിലെ ആളുകളെ സ്ഥാനാർത്ഥിയാക്കിയാൽ അപ്പുറത്ത് നിർത്തുന്ന സ്ഥാനാർത്ഥിയുടെ പെട്ടിയിൽ ബി.ജെ.പി വോട്ടുകൾ വീഴുമെന്നും ഉറപ്പാണ്. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും ഇവിടെ നിർണായകമാണ്. അവരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ ആ വിഭാഗം വോട്ട് ചെയ്യുകയുള്ളൂ. ബി.ജെ.പിയുടെ കരുത്തും മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷ വോട്ടുകളുടെ കുത്തകയാണ്. അതിർത്തി മണ്ഡലത്തിൽ രാഷ്ട്രീയത്തിന് അപ്പുറം ജാതിയും മതവും എല്ലാമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. മഞ്ചേശ്വരത്ത് രാഷ്ട്രീയം എപ്പോഴും  പടിക്ക് പുറത്താണ്. തെരഞ്ഞെടുപ്പുകളിൽ ആളുകളെയും അവരുടെ ജാതിയും മതവും നോക്കിയുമാണ് ഭൂരിഭാഗം ജനങ്ങളും വോട്ട് ചെയ്യുന്നത്. മണ്ഡലത്തിൽ ബി.ജെ. പിയുടെ സ്ഥാനാർത്ഥി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രവീശ തന്ത്രി കുണ്ടാർ തന്നെ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. സംഘപരിവാറിന്റെ മഞ്ചേശ്വരം മണ്ഡലം നേതാവ് കൂടിയായ രവീശ തന്ത്രി കുണ്ടാർ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ക്ഷീണം മാറുന്നതിന് മുമ്പ് തന്നെ മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. സംഘ്പരിവാർ സംഘടനയുടെ നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് അദ്ദേഹം മഞ്ചേശ്വരത്ത് പ്രവർത്തനം തുടങ്ങിയത്. ഈ തെരഞ്ഞെടുപ്പിൽ തന്ത്രി പതിനായിരത്തോളം വോട്ടുകൾ മഞ്ചേശ്വരത്ത് കൂടുതലായി പിടിച്ചിരുന്നു. 
ഇതൊക്കെക്കൊണ്ട് തന്നെ തന്ത്രിയും ബി.ജെ.പിയും പ്രതീക്ഷയിലുമായിരുന്നു. ഇടതുമുന്നണിക്ക് കുറഞ്ഞ വോട്ടുകളാണ് യു.ഡി.എഫിന് ഇവിടെ കൂടുതലായി കിട്ടിയത.് കർണാടക ബി.ജെ.പി നേതാക്കളുടെ ആഗ്രഹവും തന്ത്രി മഞ്ചേശ്വരത്ത് നിയമസഭയിലേക്ക് മത്സരിക്കണമെന്ന് തന്നെയാണ്. മഞ്ചേശ്വരത്ത് ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് സ്ഥാനാർത്ഥിയാകണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ മത്സരിക്കുന്നത് സംബന്ധിച്ച് അദ്ദേഹം മനസ്സ് തുറന്നിട്ടില്ല. അതിനിടയിലാണ് അബ്ദുല്ലക്കുട്ടിയുടെ പേര് ഉയർന്നുവന്നത്. മഞ്ചേശ്വരത്തെയും കാസർകോട്ടെയും ബി.ജെ.പി നേതാക്കളിലും അണികളിലും ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എതിർപ്പ് അവർ പാർട്ടി സംസ്ഥാന, ദേശീയ നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. സി.പി.എമ്മിൽനിന്നും കോൺഗ്രസിൽ എത്തി അവിടെ സ്ഥാനം കിട്ടാതെ വന്നപ്പോൾ അബ്ദുല്ലക്കുട്ടിയെ ബി.ജെ.പിയിൽ എടുത്തു മഞ്ചേശ്വരത്ത് കെട്ടിയിറക്കാനുള്ള നീക്കം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഇവർ പറയുന്നത്. നരേന്ദ്ര മോഡിക്ക് അനുകൂലമായി പോസ്റ്റിടുകയും അദ്ദേഹത്തെ ബി.ജെ.പി നേതാക്കൾ സ്വാഗതം ചെയ്യുകയും ചെയ്തതോടെയാണ് പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തു വന്നത് എന്നതും ശ്രദ്ധേയമാണ്.   

പാർട്ടി ചർച്ച ചെയ്തിട്ടില്ല: രവീശ തന്ത്രി 
കാസർകോട്- കോൺഗ്രസ് വിട്ടുവരുന്ന അബ്ദുല്ലക്കുട്ടിയെ എടുക്കുന്നതോ സ്ഥാനാർത്ഥിയാക്കുന്നതോ ആയ കാര്യം പാർട്ടിക്കുള്ളിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ആയിരുന്ന രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. മണ്ഡലത്തിൽ ജയിക്കുന്നതിനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടത്തുന്നത്. സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണ്. എ.പി. അബ്ദുല്ലക്കുട്ടി പാർട്ടിയിൽ ചേർന്നാൽ തന്നെ വന്നയുടനെ ഒരാളെ പിടിച്ചു സ്ഥാനാർത്ഥിയാക്കുന്ന പ്രശ്‌നവും ഉദിക്കുന്നില്ല. അബ്ദുല്ലക്കുട്ടി സ്ഥാനാർത്ഥിയായാൽ മഞ്ചേശ്വരത്തെ ഒരു ബി.ജെ.പി പ്രവർത്തകനെയും പ്രവർത്തനത്തിന് കിട്ടാത്ത സ്ഥിതിയുണ്ടാകും. ആത്മഹത്യാപരമായ തീരുമാനം എടുക്കാൻ കേന്ദ്ര നേതൃത്വം തയാറാകില്ല. കാര്യസാധ്യത്തിന് ബി.ജെ.പിയിൽ എത്തുന്ന അബ്ദുല്ലക്കുട്ടിയെ ആരും അംഗീകരിക്കാനും പോകുന്നില്ല. അയാളെ പാർട്ടിയിൽ കൊണ്ടുവരുന്നത് ആരുടെ താൽപര്യം ആണെന്ന് അറിയില്ലെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. 

Latest News