Sorry, you need to enable JavaScript to visit this website.

ഇസ്ലാം മുന്നോട്ടുവെക്കുന്നത് കാരുണ്യവും നന്മയും- സല്‍മാന്‍ രാജാവ്‌

മക്ക- ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിയ മുസ്‌ലിം പണ്ഡിതർ അടക്കം 1200 ലേറെ പേർ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനം അംഗീകരിച്ച ചാർട്ടർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്വീകരിച്ചു. മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) മക്കയിൽ സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതരെ മക്ക അൽസ്വഫാ കൊട്ടാരത്തിൽ സ്വീകരിച്ചാണ് ചാർട്ടർ രാജാവ് കൈപ്പറ്റിയത്. വിശുദ്ധ ഖുർആൻ, തിരുസുന്നത്ത് വചനങ്ങളിൽ മിതവാദ മൂല്യങ്ങൾ എന്ന വിഷയം വിശകലനം ചെയ്യുന്നതിനാണ് ലോകത്തു നിന്നുള്ള പണ്ഡിതർ പുണ്യഭൂമിയിൽ സമ്മേളിച്ചതെന്ന് സൽമാൻ രാജാവ് പറഞ്ഞു. മാനവ കുലത്തിന് ആകമാനം കാരുണ്യവും നന്മയുമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ഏറ്റവും ഉൽകൃഷ്ടമായ സദാചാര, ധാർമിക മൂല്യങ്ങളിലേക്ക് ഇസ്‌ലാം ആളുകളെ ക്ഷണിക്കുന്നു. ഇസ്‌ലാമിന്റെ മാർഗശാസ്ത്രം മിതവാദമാണ്. മതത്തിൽ തീവ്രവാദവും അമിതത്വവും പാടില്ല. 


തീവ്രവാദവും ഭീകരവാദവും ചെറുക്കൽ അടക്കമുള്ള പ്രധാന പ്രശ്‌നങ്ങളിൽ അഭിപ്രായങ്ങൾ ഏകീകരിക്കുന്നതിന് മുസ്‌ലിം പണ്ഡിതർ  സഹകരിക്കുന്നത് കാണുന്നതിൽ ആഹ്ലാദമുണ്ട്. കക്ഷിത്വങ്ങളും ഗ്രൂപ്പ് വിധേയത്വങ്ങളും സൃഷ്ടിക്കുന്ന ഭീഷണികൾ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി നിന്ന് മറികടക്കണം. കക്ഷിത്വങ്ങളും ഗ്രൂപ്പ് വിധേയത്വങ്ങളും സമൂഹത്തിൽ ഛിദ്രത മാത്രമാണുണ്ടാക്കുകയെന്നും സൽമാൻ രാജാവ് പറഞ്ഞു. 
സൗദി അറേബ്യയും മേഖലയും ഭീകരാക്രമണങ്ങൾക്കും ഗൂഢലക്ഷ്യത്തോടെയുള്ള ആക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച ഈജിപ്ഷ്യൻ മുഫ്തി ഡോ.ശൗഖി അല്ലാം പറഞ്ഞു. ഗൂഢാലോചന നടത്തുന്ന തിന്മയുടെ ശക്തികളാണ് ഭീകര ഗ്രൂപ്പുകൾക്ക് പണവും മറ്റു സഹായങ്ങളും നൽകുന്നത്. സൗദി അറേബ്യയും ഭീകരതയെ പിന്തുണക്കാത്ത മേഖലയിലെ മറ്റു രാജ്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സത്യത്തിനും നന്മക്കും മിതവാദത്തിനും ഒപ്പം നിലയുറപ്പിക്കേണ്ടത് എല്ലാ മുസ്‌ലിംകളുടെയും നിർബന്ധ ബാധ്യതയാണ്. മക്ക സമ്മേളനത്തിലുണ്ടായ ശ്രമങ്ങൾ പ്രായോഗിക തലത്തിലുള്ള കർമ പദ്ധതികളായി പരിവർത്തിപ്പിക്കേണ്ടതുണ്ട്. ഭീകരവാദം സുരക്ഷാ പ്രശ്‌നമെന്നതിലുപരി ആശയപ്രശ്‌നം കൂടിയാണ്. മുസ്‌ലിം ലോകത്തുണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ ഓരോ തുള്ളി ചോരയും ചിന്തപ്പെടുമ്പോൾ ഭീകരവാദത്തിന്റെ കെണിയിൽ യുവാക്കൾ
പെട്ടുപോയതിന്റെ ഉത്തരവാദിത്തം എല്ലാവരും ഉൾക്കൊള്ളണമെന്നും ഡോ.ശൗഖി അല്ലാം പറഞ്ഞു. 
മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രി ഡോ.മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, അൽബാഹ ഗവർണർ ഡോ.ഹുസാം ബിൻ സൗദ് രാജകുമാരൻ, ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരൻ, ജിസാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, അൽഖസീം ഡെപ്യൂട്ടി ഗവർണർ ഫഹദ് ബിൻ തുർക്കി രാജകുമാരൻ, നജ്‌റാൻ ഡെപ്യൂട്ടി ഗവർണർ തുർക്കി ബിൻ ഹദ്‌ലൂൽ രാജകുമാരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 
139 രാജ്യങ്ങളിൽ നിന്നുള്ള 1200 ലേറെ മുസ്‌ലിം പണ്ഡിതരും വ്യക്തിത്വങ്ങളും സമ്മേളിച്ചാണ് മക്ക ചാർട്ടർ അംഗീകരിച്ചത്. മുസ്‌ലിം രാജ്യങ്ങളിൽ വിവിധ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും ജനവിഭാഗങ്ങൾക്കുമിടയിൽ സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും മാനവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമിടയിൽ സമാധാനവും അനുരഞ്ജനവും സാധ്യമാക്കുന്നതിനുമുള്ള ചരിത്രപരമായ ഭരണഘടനയാണ് മക്ക ചാർട്ടർ. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വൈവിധ്യവും വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വവും സംരക്ഷിക്കുന്നതിന് പതിനാലു നൂറ്റാണ്ടു മുമ്പ് പ്രവാചകൻ അംഗീകരിച്ച മദീന ചാർട്ടറിന്റെ വലിയ സ്വാധീനം സ്വാംശീകരിച്ചാണ് മക്കയിൽ സമ്മേളിച്ച ലോക മുസ്‌ലിം പണ്ഡിതർ മക്ക ചാർട്ടർ അംഗീകരിച്ചത്.
അക്രമങ്ങൾക്കും ഭീകരതക്കും സാംസ്‌കാരിക സംഘട്ടനത്തിനും പ്രേരിപ്പിക്കുന്നവരെയും വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും ചെറുക്കുന്നതിന് ലോക രാജ്യങ്ങൾ നിയമങ്ങൾ നിർമിക്കണമെന്ന് ചാർട്ടർ ആവശ്യപ്പെട്ടു. മത സംഘർഷങ്ങൾക്കുള്ള കാരണങ്ങൾ ഇല്ലാതാക്കുന്നതിന് ഇതിലൂടെ സാധിക്കും. ആരാധനാ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ ചാർട്ടർ അപലപിച്ചു. ശക്തമായ നിയമ നിർമാണത്തിലൂടെയും രാഷ്ട്രീയ, സുരക്ഷാ ഗ്യാരണ്ടികളിലൂടെയും ഇത്തരം കുറ്റകൃത്യങ്ങൾ ചെറുക്കണം. ഇത്തരം ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ആശയങ്ങൾ ആഗോള സമൂഹം ചെറുക്കണമെന്നും ചാർട്ടർ ആവശ്യപ്പെട്ടു.
 

Latest News