വടകര-കേന്ദ്രത്തില്‍ രണ്ടാം നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മലബാറുകാര്‍ക്ക് ആഹ്ലാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ നിന്നും ബി.ജെ.പി നേതാവ് വി. മുരളീധരനാണ് കേരളത്തിന്റെ പ്രതിനിധിയായി മന്ത്രിസഭയിലുള്ളത്. വടകരക്കാരന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിന് മുമ്പ് കേന്ദ്രമന്ത്രിയായിട്ടുണ്ട്. വടകരയില്‍ നിന്ന് നിരവധി തവണ ജയിച്ച കോഴിക്കോട് പന്നിയങ്കര സ്വദേശി കെ.പി ഉണ്ണികൃഷ്ണനും കേന്ദ്ര മന്ത്രിയായിട്ടുണ്ട്. കേരളത്തിന് രണ്ട് മുഖ്യമന്ത്രിമാരെ സമ്മാനിച്ച തലശ്ശേരിയില്‍ നിന്ന് ഒരു കേന്ദ്ര മന്ത്രി വരുന്നത് ഇതാദ്യം. കോഴിക്കോട്ട് സ്ഥിര താമസമാക്കിയ വി. മുരളീധരന്‍ മലബാറിന്റെ വികസന വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. രാജ്യസഭയില്‍ അംഗമായ അദ്ദേഹമാണ് ദയാവധം കാത്തു കഴിഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ രക്ഷപ്പെടുത്താന്‍ ഇടപെട്ടത്.
കാലിക്കറ്റിലെ റണ്‍വേയ്ക്ക് നീളം പോരെന്ന് പറഞ്ഞ് എയര്‍പോര്‍ട്ടിനെ സ്വകാര്യ ലോബിയ്ക്കായി തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. അറ്റകുറ്റപ്പണിയുടെ മറവില്‍ മൂന്ന് വര്‍ഷം എയര്‍പോര്‍ട്ടിനെ ഒരു പരുവത്തിലാക്കിയത് മറക്കാനായിട്ടില്ല. വിമാനത്താവളം വീണ്ടെടുക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം ഭാരവാഹികള്‍ മുരളീധരന്റെ ഒപ്പം ദല്‍ഹിയില്‍ ചെന്ന് വിമാന മന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചപ്പോഴാണ് കാര്യങ്ങള്‍ തടസ്സങ്ങള്‍ നീങ്ങി കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ക്ക് വീണ്ടും ഇറങ്ങാമെന്ന സാഹചര്യമുണ്ടായത്. സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം ഒരിഞ്ച് പുതിയ റെയില്‍പാത പോലും വരാതിരുന്ന വടക്കന്‍ കേരളത്തിന് മുരളീധരന്റെ സ്ഥാനലബ്ധിയില്‍ പ്രതീക്ഷ ഏറെയാണ്.