ലണ്ടന്‍ - ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി ലോകകപ്പില്‍ സച്ചിന്‍ അരങ്ങേറ്റം കുറിക്കുന്നു! പുതിയ സച്ചിനൊന്നുമല്ല, സാക്ഷാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ തന്നെ! വാര്‍ത്ത കണ്ട് ഞെട്ടേണ്ട, ഇന്ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കമന്റേറ്ററായാണ് സച്ചിന്‍ പുതിയ കരിയറിനു തുടക്കമിടുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിക്ക താരങ്ങളും കമന്റേറ്ററുടെ കുപ്പായത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, വിരമിച്ചു വര്‍ഷങ്ങളായിട്ടും സച്ചിനെ അത്തരമൊരു വേഷത്തില്‍ കാണാനിയിരുന്നില്ല. ഓവലില്‍ ഇന്ന് നടക്കുന്ന ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ തന്നെ സച്ചിന്‍ കമന്ററി ബോക്‌സില്‍ പുതിയ 'ഇന്നിങ്‌സി'നു തുടക്കം കുറിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ഹിന്ദി-ഇംഗ്ലീഷ് പ്രീഷോയില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുമുണ്ടാകും. ഉച്ചയ്ക്ക് മൂന്നിനാണ് മത്സരം ആരംഭിക്കുന്നത്.
1989ല്‍ 16-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 24 വര്‍ഷത്തെ ഏകദിന-ടെസ്റ്റ് കരിയറില്‍ 34,357 റണ്‍സാണ് അടിച്ചൂകൂട്ടിയത്. ആറ് ലോകകപ്പുകളിലായി 2,278 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. 2013ലായിരുന്നു ക്രിക്കറ്റ് ഇതിഹാസം രാജ്യാന്തര ക്രിക്കറ്റിന്റെ മുഴുവന്‍ രൂപങ്ങളില്‍ നിന്നും വിരമിച്ചത്.