യു.എ.ഇയില്‍ എണ്ണ ടാങ്കറുകള്‍ ആക്രമിക്കാന്‍ ഉപയോഗിച്ചത് ഇറാന്‍ കുഴിബോംബുകളെന്ന് അമേരിക്ക

അബുദാബി- യു.എ.ഇ തീരത്ത് ഈ മാസം എണ്ണ ടാങ്കറുകള്‍ ആക്രമിക്കാന്‍ ഉപയോഗിച്ചത് കടല്‍ മൈനുകളാണെന്നും ഇത് തീര്‍ച്ചയായും ഇറാനില്‍നിന്നുള്ളതാണെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. രണ്ട് സൗദി ടാങ്കറുകളടക്കം നാല് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ആരാണെന്ന് യു.എ.ഇ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. യു.എ.ഇ തീരത്തുണ്ടായ ആക്രമണത്തിനു പിന്നാലെ സൗദി അറേബ്യയിലെ എണ്ണ പമ്പിംഗ് സ്റ്റേഷനുകള്‍ക്കുനേരെയും ആക്രമണം നടന്നിരുന്നു. ഇറാന്‍ നിര്‍ദേശപ്രകാരം ഹൂത്തികളാണ് പമ്പിംഗ് സ്റ്റേഷനുകള്‍ ആക്രമിച്ചതെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. രണ്ട് ആക്രമണങ്ങളിലും തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ നിഷേധിച്ചിരുന്നു.
ഇറാന്‍ കുഴിബോംബുകളാകാമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞെങ്കിലും അമേരിക്ക കൂടി പങ്കെടുത്ത അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബോള്‍ടണ്‍ വെളിപ്പെടുത്തിയില്ല. യു.എ.ഇയിലും സൗദിയിലും നടന്ന ആക്രമണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അദ്ദേഹം  പറഞ്ഞു.
അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് രാജകുമാരനുമായി ബോള്‍ട്ടണ്‍ മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

 

Latest News