ദോഹ- മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് മക്കയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ ബിന്‍ അബ്ദുല്ല അല്‍ഥാനി പങ്കെടുക്കുമെന്ന് ഖത്തര്‍ വിദേശമന്ത്രാലയം അറിയിച്ചു. ജി.സി.സി രാഷ്ട്രങ്ങളുമായുള്ള ബന്ധം വഷളായ ശേഷം ആദ്യമായാണ് ഖത്തര്‍ സര്‍ക്കാരിലെ ഉയര്‍ന്ന പ്രതിനിധി സൗദിയിലെത്തുന്നത്. ഖത്തര്‍ അമീര്‍ സൗദിയിലെത്തുമെന്നും ഖത്തര്‍ വിമാനം സൗദിയില്‍ ഇറങ്ങിയെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയാണ് പങ്കെടുക്കുകയെന്ന് ഖത്തര്‍ അറിയിച്ചിരിക്കുന്നത്.
ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഖത്തറുമായുള്ള ബന്ധം 2017 ലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ വിഛേദിക്കുകയും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്. ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചിരുന്നു.
ഇറാനുമായുളള സംഘര്‍ഷം നിലനില്‍ക്കെ യു.എ.ഇ തീരത്ത് എണ്ണ ടാങ്കറുകളും സൗദി അറേബ്യയില്‍ എണ്ണ പമ്പിംഗ് സ്റ്റേഷനുകളും ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ന് മക്കയില്‍ അടിയന്തര ഉച്ചകോടി ചേരുന്നത്.
ജി.സി.സി, അറബ് ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ ക്ഷണിച്ചിരുന്നു.