Sorry, you need to enable JavaScript to visit this website.

ഇല്ലായ്മകളുടെ നോവിൽ ആ നോമ്പുകാലം

നിലമ്പൂർ ആയിഷ

ആഢ്യത്വവും സമ്പന്നതയും നിറഞ്ഞ കുട്ടിക്കാലമായിരുന്നു നിലമ്പൂർ ആയിഷയുടേത്. ഗ്രാമഫോണിൽ ഹിന്ദി ഗാനങ്ങൾ ആസ്വദിച്ചു കഴിഞ്ഞിരുന്ന ഉമ്മയും നാട്ടിൽ മുതലാളിയായി ജീവിച്ച വാപ്പയും. ജോലിക്കും സഹായത്തിനുമായി കൂടെ നിരവധി പേർ. എന്നാൽ അത് കഴിഞ്ഞ് ഉടനീളം അനുഭവിച്ച ദാരിദ്ര്യത്തിന്റെ നീറ്റൽ നിലമ്പൂർ ആയിഷയുടെ മുഖത്തിപ്പോഴും നിഴലിച്ചു നിൽക്കുന്നുണ്ട്. സമ്പന്നതയിൽ ജീവിച്ചു തുടങ്ങി ചിറകു മുളക്കും മുമ്പേ പിതാവിന്റെ മരണത്തോടെ ദാരിദ്ര്യത്തിന്റെ പടുകുഴിലേക്ക് വീണ ആയിഷ ജീവിക്കാനായി അഭിനയത്തിന്റെ തട്ടിൻപുറത്ത് കയറിയിട്ട് ആറു പതിറ്റാണ്ടായി. അഭ്രപാളിയിൽ മുഖത്ത് ചായം പുരട്ടിയതും ഒരു വ്യാഴവട്ടത്തിലേറെ റിയാദിൽ വീട്ടുജോലിക്കാരിയായി ജീവിച്ചതുമായ അനുഭവങ്ങൾ നിലമ്പൂർ ആയിഷ പങ്കുവെച്ചു. 
   പത്ത് വയസ്സു വരെ വാപ്പയുളള കാലത്താണ് വീട്ടിൽ ആഘോഷമായി നോമ്പ് തുറപ്പിക്കുന്നതടക്കം കണ്ടത്. വീടിന്ന് മുന്നിലൂടെ പള്ളിയിൽ പോകുന്നവരെയടക്കം നിത്യേന നോമ്പ് തുറപ്പിക്കാൻ ക്ഷണിക്കുന്നത് വാപ്പയുടെ ശീലമായിരുന്നു. ആയതിനാൽ നോമ്പ് കാലത്ത് ഓരോ ദിനവും പുതിയ പുതിയ അതിഥികൾ നോമ്പ് തുറക്കാൻ ഉണ്ടാകും. എന്നാൽ ജീവിതത്തിന്റെ അധികകാലം ആ ഒരു സൗഭാഗ്യത്തിൽ കഴിയാൻ ഞങ്ങൾക്ക് വിധിയുണ്ടായില്ല. വാപ്പയുടെ മരണത്തോടെ വീട് തീർത്തും ഒറ്റപ്പെട്ടു. ഇളയ കുട്ടി ജനിച്ച് 56 ദിവസം കഴിഞ്ഞപ്പോഴാണ് വാപ്പയുടെ മരണം. ഞങ്ങൾ ചെറിയ ചെറിയ മക്കൾ. നാട്ടിൽ പ്രമാണിയായി ജീവിച്ച വാപ്പയുടെ കാലശേഷം പിന്നീട് സഹായത്തിന് അധികമാരും എത്തിയില്ല. പട്ടിണി എന്തെന്ന് ഞങ്ങൾ അറിഞ്ഞു. 
   അക്കാലത്ത് നോമ്പുകാലം വരാനെങ്കിലും ഞങ്ങൾ പ്രാർത്ഥിച്ചു. സഹോദരൻ വയറ് വേദനയായി കരഞ്ഞത് വിശപ്പ് കൊണ്ടാണെന്ന് ഡോക്ടർ പറഞ്ഞതിപ്പോഴും ഓർമയിലുണ്ട്. നിത്യദാരിദ്ര്യത്തിലായപ്പോഴാണ് ജോലിക്ക് പോകാൻ തുടങ്ങിയത്. മരത്തിന്റെ വലിയ മുട്ടി തലയിൽ വെച്ചപ്പോൾ വൈകുന്നേരം ചോറു തിന്നാമല്ലോ എന്നത് മാത്രമായിരുന്നു ചിന്ത. 'മുത്തുപ്പട്ട മുതലാളിയുടെ മോളാണത്, അതിന്റെ കൈപ്പ് പൊട്ടിപ്പോകും, തലയിൽ ചെറിയ മരം വെച്ചു കൊടുക്ക്'. വാപ്പയെ അറിയുന്ന ഒരാൾ ഒരിക്കൽ എന്റെ തലയിലേക്ക് ചുമട് വെക്കുന്നത് കണ്ടിട്ട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെയിരിക്കേയാണ് നിലമ്പൂർ യുവജന കലാസമിതി 1952 ൽ ഇ.കെ അയമു എഴുതിയ ജ്ജ് നല്ല മനുസനാകാൻ നോക്ക് എന്ന നാടകത്തിൽ അഭിനയിക്കുന്നത്. ഇതോടെ നാടിളകി. സമുദായം ഇളകി. ഈ നെറ്റിയിലെ അടയാളം കണ്ടില്ലേ നാടകം കളിക്കുന്നതിനിടയിൽ ഏറു കിട്ടിയതാ... എന്നാലും ജീവിക്കാനുള്ള വക കിട്ടുമെന്ന് കരുതി വേദന സഹിച്ച് അഭിനയിക്കും. 
   അക്കാലത്ത് സർക്കാർ വക നെല്ലു കുത്തുന്ന ഒരു സംരംഭം നിലമ്പൂരിൽ വന്നിരുന്നു. നെല്ല് ചേറാൻ സ്ത്രീകൾ പോകും. ഒരു രൂപ കൂലി കിട്ടും. വീട്ടിലെ അവസ്ഥ കണ്ട് ഉമ്മയെ അടക്കം അടുത്തുള്ളവർ ജോലിക്കായി വിളിക്കും. ഒരു കാലത്ത് രാജ്ഞിയായി കഴിഞ്ഞവരാണ്. നിങ്ങൾ അവിടെ വന്നിരുന്നാൽ മതി, ഞങ്ങൾ ജോലി ചെയ്‌തോളാമെന്ന് അവർ പറയും. അത്രക്ക് സ്‌നേഹമായിരുന്നു അവർക്ക് ഉമ്മയോടും തിരിച്ചു ഉമ്മക്ക് അവരോടും. ഒരു മഴക്കാലത്ത് ജോലി ചെയ്യുന്ന ഷെഡ് തകർന്ന് വീണ് ഉമ്മയുടെ കാല് പൊട്ടി മഴവെള്ളത്തിൽ ചോര ഒലിച്ചിറങ്ങിയിരുന്നു. ഞാനും സഹോദരനും കൂടി വരുമ്പോഴാണ് ചോര കലർന്ന വെള്ളം കുത്തിയൊഴുകുന്നത് കണ്ടത്. അവൻ പറഞ്ഞു, താത്ത ഇന്നു ഇറച്ചി തിന്നാൻ കിട്ടുമായിരിക്കും, ഇവിടെ പോത്തിനെ അറുത്തിട്ടുണ്ട് ചോര കണ്ടില്ലേ...! പിന്നീടാണ് ഉമ്മയാണ് അപകടത്തിൽ പെട്ടതെന്ന് ഞങ്ങൾ അറിയുന്നത്. നാടകവും സിനിമയും എനിക്ക് കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ള വക തന്നിരുന്നില്ല. കിലോമീറ്ററുകളോളം നടന്നു വേണം നാടകത്തിൽ അഭിയിക്കുന്നിടത്തെത്താൻ. എത്തിയാൽ തന്നെ ഭക്ഷണമോ കൂലിയോ നേരാംവണ്ണം കിട്ടില്ല. ഈ ദുരിതത്തിൽ നിന്ന് കരകയറാനാണ് സൗദി അറേബ്യയിലേക്ക് പോയത്.       1983 ലാണ് സൗദിയിലെത്തിയത്. റിയാദിനടുത്ത് ഷിഫയിൽ നാസർ മഊഫ് എന്ന് പേരുള്ള അറബിയുടെ വീട്ടിൽ ഗദ്ദാമയായാണ് ജോലി ചെയ്തിരുന്നത്. ഗദ്ദാമ എന്നായിരുന്നില്ല, ബൈത്ത് ഉമ്മ (വീടിന്റെ മാതാവ്) എന്നായിരുന്നു സ്‌നേഹ നിധികളായ കുടുംബം എന്നെ വിളിച്ചിരുന്നത്.  അവരുടെ കുടംബത്തിലെ അംഗം തന്നെയായിരുന്നു ഞാൻ. 
നോമ്പുകാലം വല്ലാത്ത ഒരുനുഭവമാണ്. അത്താഴത്തിന് ചെമ്മീൻ ചേർത്തുവെച്ച ഖബ്‌സ ചോറാണ്. കട്ടൻ ചായ നിർബന്ധം. പിന്നെ സുബ്ഹി കഴിഞ്ഞാൽ ഉറക്കം. ഉച്ചയായാൽ നോമ്പുതുറക്കുള്ള വിഭവങ്ങൾ ഒരുക്കി വെക്കും. വൈകുന്നേരം പാകം ചെയ്യാൻ ഈജിപ്തുകാരികളായ സ്ത്രീകൾ വരും. വീട്ടുകാരും സഹായിക്കും. മഗ്‌രിബ് ആയാൽ വിഭവ സമൃദ്ധമായ ഭക്ഷണം റെഡിയാകും. ശുർബ എന്ന പേരിലുളള സൂപ്പ് പ്രധാനമായിരുന്നു.
   അവരുടെ ഭക്ഷണത്തിനിടയിലും നോമ്പിന് തരിക്കഞ്ഞി കുടിക്കുക എന്നത് എന്റെ ശീലമായിരുന്നു. ഇത് ഞാൻ വീട്ടുകാരോട് പറയുകയും ചെയ്യും. ഒരിക്കൽ തരിക്കഞ്ഞിക്കായി റവ കൊണ്ടുവരാൻ പറഞ്ഞ എനിക്ക് മുമ്പിൽ ഒരു ചാക്ക് റവയാണ് എത്തിച്ചത്. ഒരു കിലോക്ക് റവ ആവശ്യപ്പെട്ട എനിക്ക് മുമ്പിൽ ഒരു ചാക്ക് റവ എത്തിച്ച സംഭവം വിവരിച്ച് ഇന്നും ചിരി വരും. ഒപ്പം ആ വീട്ടുകാരുടെ സ്‌നേഹമോർത്ത് കണ്ണും നനയും. നോമ്പിന് ചില നാടൻ വിഭവങ്ങൾ ഉണ്ടാക്കി ഞാൻ അവർക്ക് നൽകും, കുട്ടികൾക്ക് പോലും അവ പ്രിയപ്പെട്ടതായിരുന്നു. ഞാൻ ചപ്പാത്തിയുണ്ടാക്കി നൽകുന്നത് കുടുംബത്തിന് വലിയ സന്തോഷമായിരുന്നു.
   പള്ളികളിൽ നോമ്പ് തുറക്കാൻ അറബികൾ വീട്ടിൽ നിന്ന് ഭക്ഷണം എത്തിച്ചു നൽകുന്ന കാഴ്ചയിൽ ഞാൻ എന്റ കുട്ടിക്കാലം ഓർക്കും. വാപ്പയും ഇങ്ങനെയായിരുന്നു. വഴിയരികിലൂടെ പോകുന്നവനെ വിളിച്ചുവരുത്തി നോമ്പ് തുറപ്പിക്കും. പ്രവാസികൾക്ക് ഇത് ഒരുപാട് ആശ്വാസമാണ് സൗദികൾ നോമ്പിന് ഇത്തരത്തിൽ നോമ്പ് തുറപ്പിക്കുന്നത്. മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുന്നതിലെ പുണ്യം നോമ്പിനോളം തന്നെ പുണ്യമാണെന്ന് അപ്പോഴാണ് ബോധ്യമായത്. 
   അറബിയുടെ വീട്ടിലെ പ്രായമായ സ്ത്രീയെ ആശുപത്രിലടക്കം കൊണ്ടുപോവുക എന്നതായിരുന്നു എന്റെ പ്രധാന ജോലി. ഒരിക്കൽ ഞാൻ ആശുപത്രിയിലെത്തിയപ്പോൾ നാടകത്തിലൂടെയും സിനിമയിലൂടെയും എന്നെ കണ്ട കുറെ പ്രവാസികൾ എനിക്ക് ചുറ്റും കൂടി. അവർ ബഹുമാനപൂർവം സംസാരിക്കുത് കണ്ട എന്റെ യജമാനത്തി വീട്ടിലെത്തിയപ്പോൾ പറഞ്ഞു. ആയിഷ ഇന്ദിരാ ഗാന്ധിയാണ് എന്നാണ്.അവളെ എല്ലാവരും ബഹുമാനിക്കുന്നു.
പിന്നീട് ഞാൻ അഭിനയിച്ച സിനിമകളുടെയും നാടകങ്ങളുടെയും കാസറ്റുകൾ കാണിച്ചപ്പോൾ കുട്ടികൾ പറയും, ബൈത്തുമ്മ ഹേമാമാലിനിയാണെന്ന്. ദഫും പാട്ടും ഡാൻസുമൊക്കയായി ആ സൗദി കുടംബത്തിൽ 17 വർഷമാണ് ഞാൻ അംഗമായി ജീവിച്ചത്.
    പ്രവാസ ജീവിതം അവസാനിച്ചെത്തിയപ്പോഴും കലയോടുള്ള മുഹബ്ബത്ത് മാറിയില്ല. നാടകം കുറഞ്ഞെങ്കിലും സിനിമകളിൽ ചില വേഷങ്ങൾ ചെയ്തു വരുന്നുണ്ട്. പന്ത്രണ്ടായിരത്തിലേറെ സ്റ്റേജുകൾ കെ.ടി.മുഹമ്മദിന്റേതടക്കമുള്ള നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച സഹനടിക്കുളള അവാർഡ് ഊമക്കുയിൽ പാടുമ്പോൾ എന്ന സിനിമയിലൂടെ ലഭിച്ചു. ആറു പതിറ്റാണ്ടിനു ശേഷം നിലമ്പൂർ ആയിഷക്ക് ലഭിച്ച സർക്കാർ അംഗീകാരം.

 

Latest News