ഇടുക്കി- പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടിക്കു നേരെ പീഡനശ്രമം. മുഖം കടിച്ച് വികൃതമാക്കി. പ്രതി അറസ്റ്റിൽ. മാണ്ഡ്ല അരവിന്ദ് കുമാർ (20) ആണ് പിടിയിലായത്. 27ന് രാത്രിയിൽ ഉടുമ്പൻചോലക്ക് സമീപമാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി മുഖത്താകെ കടിച്ച് പരിക്കേൽപിച്ചു. രക്തം വാർന്ന കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിലാണ് പ്രതി ജോലി ചെയ്തിരുന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാൾ സമീപത്തെ മധ്യപ്രദേശ് സ്വദേശികൾ താമസിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കയറി. ഈ സമയം പെൺകുട്ടിയുടെ ബന്ധുക്കൾ പച്ചക്കറി വാങ്ങുന്നതിനായി പുറത്ത് പോയിരുന്നു. കടന്ന് പിടിക്കാൻ ശ്രമിച്ച പ്രതിയെ പെൺകുട്ടി തള്ളി മാറ്റി. കോപാകുലനായി കുട്ടിയുടെ മുഖത്ത് കടിച്ച് മുറിവേൽപ്പിച്ചു. ഭയപ്പെട്ടുപോയ പെൺകുട്ടി മുറിയുടെ വാതിൽ സർവശക്തിയുമെടുത്ത് ചവിട്ടിത്തുറന്ന് പുറത്തേക്കോടി. പെൺകുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാരും സമീപത്തു താമസിക്കുന്നവരും ഓടിയെത്തി. വിവരം പോലീസിനെ അറിയിച്ചു. അപകട നില തരണം ചെയ്ത പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഉടുമ്പൻചോല സി.ഐ അനിൽ ജോർജ്, ഓഫീസർമാരായ ബിജു മാനുവൽ, മുഹമ്മദ് കബീർ, ഷെമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.