ദമാം - ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ സൗദി യുവതി മുന ശിഹാബിന് കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരന്റെ ആദരം. എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയിൽ സൗദി ദേശീയ പതാക ഉയർത്തിയ മുന ശിഹാബിനെ കിഴക്കൻ പ്രവിശ്യാ ഗവർണറേറ്റിൽ സൗദ് ബിൻ നായിഫ് രാജകുമാരൻ ഇന്നലെ സ്വീകരിച്ചു. ഫിറ്റ്‌നെസ് കൈവരിക്കുന്നതിനും അമിതവണ്ണം കുറക്കുന്നതിനും പ്രമേഹം അടക്കമുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണം നേടുന്നതിനും സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശവുമായാണ് മുന ശിഹാബ് എവറസ്റ്റ് കീഴടക്കിയത്.
സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് മുന ശിഹാബ് നടത്തുന്ന ശ്രമങ്ങളെ കിഴക്കൻ പ്രവിശ്യ ഗവർണർ പ്രശംസിച്ചു. സ്വീകരണത്തിനും പിന്തുണക്കും ഗവർണർക്ക് മുന ശിഹാബ് നന്ദി പറഞ്ഞു. കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിന് ഇത് തനിക്ക് പ്രചോദനവും പ്രോത്സാഹനവുമാകുമെന്നും മുന ശിഹാബ് പറഞ്ഞു.