Sorry, you need to enable JavaScript to visit this website.

ജിദ്ദ കിലോ പതിനാല് ജലവിതരണ കേന്ദ്രം അടച്ചു

ജിദ്ദ - ദക്ഷിണ ജിദ്ദയിലെ കിലോ പതിനാലിൽ പ്രവർത്തിച്ചിരുന്ന ജല വിതരണ കേന്ദ്രം ദേശീയ ജല കമ്പനി അടച്ചുപൂട്ടി. വാട്ടർ ടാങ്കറുകളിൽ ശുദ്ധജലം വിതരണം ചെയ്തിരുന്ന കേന്ദ്രമാണ് അടച്ചുപൂട്ടിയത്. ജിദ്ദയിൽ ദേശീയ ജല കമ്പനി അടച്ചുപൂട്ടുന്ന മൂന്നാമത്തെ ജലവിതരണ കേന്ദ്രമാണിത്. ഫൈസലിയ ഡിസ്ട്രിക്ടിലെയും ബുറൈമാനിലെയും ജലവിതരണ കേന്ദ്രങ്ങളാണ് കമ്പനി ആദ്യം അടച്ചുപൂട്ടിയത്. 
ജിദ്ദയിൽ പൈപ്പ്‌ലൈൻ വഴിയുള്ള ജലവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് കിലോ പതിനാലിലെ ജലവിതരണ കേന്ദ്രം അടച്ചത്. പ്രതിദിനം നാൽപതിനായിരം ഘനമീറ്റർ ജലമാണ് കിലോ പതിനാലിലെ ജലവിതരണ കേന്ദ്രത്തിലേക്ക് പമ്പ് ചെയ്തിരുന്നത്. ഈ വെള്ളം പൂർണമായും ജലപൈപ്പ്‌ലൈനുകളിലേക്ക് പമ്പു ചെയ്യുന്നതിന് തുടങ്ങി. ജിദ്ദയിൽ ജലപൈപ്പ്‌ലൈനുകളുള്ള ഡിസ്ട്രിക്ടുകളിൽ 97 ശതമാനം ഡിസ്ട്രിക്ടുകളിലും പൈപ്പ്‌ലൈനുകളിൽ ഇരുപത്തിനാലു മണിക്കൂറും വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ജിദ്ദയുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. നഗരത്തിൽ പൈപ്പ്‌ലൈനുകൾ വഴി മുടങ്ങാതെ തുടർച്ചയായി വെള്ളം പമ്പ് ചെയ്യുന്ന ഡിസ്ട്രിക്ടുകളുടെ എണ്ണം 76 ആയി ഉയർന്നിട്ടുണ്ട്. ജിദ്ദയിലെ പൈപ്പ്‌ലൈനുകൾ വഴി പ്രതിദിനം പതിനഞ്ചു ലക്ഷത്തിലേറെ ഘനമീറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്ന് ദേശീയ ജല കമ്പനിയിൽ വെസ്റ്റേൺ സെക്ടർ മേധാവി എൻജിനീയർ മുഹമ്മദ് അൽഗാംദി പറഞ്ഞു. നഗരത്തിലെ ആകെ ജല ആവശ്യത്തിന്റെ 90 ശതമാനമാണിതെന്നും എൻജിനീയർ മുഹമ്മദ് അൽഗാംദി പറഞ്ഞു. 
പൈപ്പ്‌ലൈനുകൾ വഴിയുള്ള പമ്പിംഗ് വർധിപ്പിച്ചതോടെ വാട്ടർ ടാങ്കറുകൾക്കുള്ള ആവശ്യം 80 ശതമാനത്തിലേറെ കുറഞ്ഞതായി ജിദ്ദ ജല വകുപ്പ് മേധാവി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. 2017 ൽ നഗരത്തിലെ ജല ആവശ്യത്തിന്റെ 75 ശതമാനമാണ് പൈപ്പ്‌ലൈനുകൾ വഴി പമ്പ് ചെയ്തിരുന്നത്. ഇതിപ്പോൾ 91 ശതമാനമായി ഉയർന്നിട്ടുണ്ട്. പൈപ്പ്‌ലൈനുകൾ വഴിയുള്ള തുടർച്ചയായ പമ്പിംഗ് സമയം നാലിരട്ടിയായും വർധിച്ചിട്ടുണ്ട്. ഇപ്പോൾ ദിവസത്തിൽ ഇരുപതു മണിക്കൂർ വരെ പൈപ്പ്‌ലൈനുകൾ വഴി വെള്ളം പമ്പ് ചെയ്യുന്നുണ്ട്. കിലോ പതിനാലിലെ ജലവിതരണ കേന്ദ്രം അടച്ചുപൂട്ടിയതോടെ നഗരത്തിലെ ജലവിതരണ കേന്ദ്രങ്ങളിൽ പകുതി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നേരത്തെ ബുറൈമാൻ, ഫൈസലിയ ജലവിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. 
വാട്ടർ ടാങ്കറുകളുടെ എണ്ണം സാധ്യമായത്ര കുറക്കുന്നതിനാണ് ശ്രമം. ജലപൈപ്പ്‌ലൈനുകൾ എത്താത്ത ഡിസ്ട്രിക്ടുകളിൽ ജലവിതരണത്തിന് മൂന്നു കേന്ദ്രങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ റിഹൈലിയിലും ഖുംറയിലും ഖുവൈസയിലുമാണ് നിലവിൽ ജലവിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജിദ്ദയിലെ ജനസംഖ്യയുടെ 87 ശതമാനത്തിനും ഇപ്പോൾ പൈപ്പ്‌ലൈനുകൾ വഴി വെള്ളം ലഭിക്കുന്നുണ്ടെന്നും എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.
 

Latest News