ദമാം - വിശുദ്ധ റമദാനിലെ അവസാന പത്തിലും പെരുന്നാൾ അവധി ദിവസങ്ങളിലും ആഭ്യന്തര യാത്രകൾക്ക് പദ്ധതിയിട്ടവരെ രാജ്യത്തെ വിമാന കമ്പനികൾ കൊള്ളയടിക്കുന്നു. ചില സെക്ടറുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചര ഇരട്ടി വരെ വിമാന കമ്പനികൾ ഉയർത്തിയിട്ടുണ്ട്. ചില അന്താരാഷ്ട്ര സെക്ടറുകളിലെ ടിക്കറ്റുകൾക്കും ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്കും സമാനമായ തോതിലേക്ക് ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ വിമാന കമ്പനികൾ ഉയർത്തിയിട്ടുണ്ട്.
ദമാം-മദീന ടിക്കറ്റ് നിരക്ക് 970 റിയാൽ വരെയായി ബജറ്റ് വിമാന കമ്പനികൾ ഉയർത്തിയിട്ടുണ്ട്. സാധാരണ കാലത്ത് 148 റിയാലിനു വരെ ബജറ്റ് വിമാന കമ്പനികൾ ദമാം-മദീന ടിക്കറ്റ് നൽകാറുണ്ട്. ദമാം-അബഹ ടിക്കറ്റ് നിരക്ക് 970 റിയാൽ വരെയാണ്. ഈ സെക്ടറിൽ സീസണല്ലാത്ത കാലത്ത് കുറഞ്ഞ നിരക്ക് 234 റിയാലാണ്. ദമാം-ജിദ്ദ ടിക്കറ്റ് നിരക്ക് 782 റിയാലാണ്. ഈ സെക്ടറിൽ കുറഞ്ഞ നിരക്ക് 228 റിയാലാണ്. ദമാം-റിയാദ് റൂട്ടിൽ കൂടിയ ടിക്കറ്റ് നിരക്ക് 193 റിയാലും കുറഞ്ഞ നിരക്ക് 58 റിയാലുമാണ്.
റമദാനിലെ അവസാന പത്തിലും പെരുന്നാൾ അവധിക്കാലത്തും ദമാം-മദീന സെക്ടറിൽ 970, 583, 724 റിയാൽ നിരക്കുകളിൽ ടിക്കറ്റ് ലഭ്യമാണെന്ന് വിമാന കമ്പനികളുടെ വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നു. ഒരു മാസം കഴിഞ്ഞ ശേഷമുള്ള യാത്രക്ക് ഇതേ സെക്ടറിൽ 148, 183, 403 റിയാൽ നിരക്കുകളിൽ ടിക്കറ്റ് ലഭ്യമാണ്. ദമാം-അബഹ സെക്ടറിൽ സീസണിൽ ടിക്കറ്റ് നിരക്ക് 970, 698, 561 റിയാലും ഒരു മാസം കഴിഞ്ഞുള്ള യാത്രക്ക് ടിക്കറ്റ് നിരക്ക് 234, 258, 418 റിയാലുമാണ്. ദമാം-ജിദ്ദ സെക്ടറിൽ സീസണിൽ ടിക്കറ്റ് നിരക്ക് 782, 658, 545 റിയാലും ഓഫ് സീസണിൽ ടിക്കറ്റ് നിരക്ക് 228, 246, 303 റിയാലുമാണ്. ദമാം-റിയാദ് സെക്ടറിൽ സീസണിൽ ടിക്കറ്റ് നിരക്ക് 148, 184, 193 റിയാലും ഒരു മാസത്തിനു ശേഷമുള്ള യാത്രക്കുള്ള ടിക്കറ്റിന് 58, 64, 140 റിയാലുമാണെന്ന് ബജറ്റ് വിമാന കമ്പനി വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നു.
തിരക്ക് കൂടുന്ന സീസണുകളിൽ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് നിയമ സാധുതയുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. യാത്രക്ക് പത്തു ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് ഇബ്രാഹിം അൽറുഅസാ പറഞ്ഞു. യാത്രക്ക് പത്തു ദിവസത്തിൽ കുറവ് ദിവസം മാത്രം ശേഷിക്കെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പക്ഷം നിരക്ക് ഉയർത്തുന്നതിന് വിമാന കമ്പനികൾക്ക് അവകാശമുണ്ടെന്നും ഇബ്രാഹിം അൽറുഅസാ പറഞ്ഞു.