കോട്ടയം- കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന ഗാന്ധിനഗർ മുൻ എസ്.ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തെങ്കിലും വകുപ്പ്തല നടപടിയുടെ ഭാഗമായി ജൂനിയർ എസ്.ഐ ആയി തരംതാഴ്ത്തി. എട്ടു വർഷം സർവീസുള്ള ഷിബുവിനെ ഏറ്റവും ജൂനിയർ എസ്.ഐ ആയിട്ടാണ് തരംതാഴ്ത്തിയിരിക്കുന്നത്. സർവീസിൽ തിരികെയെടുത്ത ഷിബുവിന് ഇടുക്കിയിലാണ് പോസ്റ്റിംഗ്.
അതേസമയം, എസ്.ഐ എം.എസ്. ഷിബുവിനെ സർവീസിൽ തിരിച്ചെടുത്ത സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കോട്ടയം എസ്.പിയുമായി സംസാരിച്ചശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും ഡി.ജി.പി മാധ്യമങ്ങളോടു പറഞ്ഞു.
സസ്‌പെൻഷൻ നൽകുമ്പോൾ ഷിബുവിനോട് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറേ വിശദീകരണം ചോദിച്ചിരുന്നു. ഷിബു നൽകിയ വിശദീകരണം തൃപ്തികരമായതിനാലാണ് തിരിച്ചെടുത്തതെന്നാണ് ഐ.ജി അറിയിച്ചത്. കോട്ടയത്ത് പോസ്റ്റിംഗ് നൽകുന്നതിന് എതിരെ കോട്ടയം എസ്.പി ഐ.ജിക്ക് കത്ത് അയച്ചിരുന്നു. തുടർന്നാണ് ഇടുക്കിയിൽ പോസ്റ്റിംഗ് നൽകിയത്. ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ മുഖ്യമന്ത്രിക്ക് അടക്കം വിവിധ തലങ്ങളിൽ പരാതി നൽകുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.