മക്ക - ലോകം ഉറ്റുനോക്കുന്ന ഇസ്‌ലാമിക്, ഗൾഫ്, അറബ് ഉച്ചകോടികൾക്ക് പുണ്യഭൂമിയിൽ ഇന്ന് തുടക്കം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ രണ്ടുദിവസമായി മക്കയിൽ മൂന്നു ഉച്ചകോടികൾ നടക്കും. പതിനാലാമത് ഇസ്‌ലാമിക ഉച്ചകോടിയും ഇറാൻ ഭീഷണി വിശകലനം ചെയ്യുന്നതിനും ഇക്കാര്യത്തിൽ പൊതുനിലപാട് രൂപീകരിക്കുന്നതിനും സൽമാൻ രാജാവ് മുൻകൈയെടുത്ത് വിളിച്ചുചേർത്ത അടിയന്തിര ഗൾഫ്, അറബ് ഉച്ചകോടികളുമാണ് മക്കയിൽ നടക്കുക.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് രാഷ്ട്ര നേതാക്കൾ എത്തിത്തുടങ്ങി. ഗ്വിനി പ്രസിഡന്റ് പ്രൊഫ. അൽഫ കോണ്ടി, മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഒൽദ് അബ്ദുൽഅസീസ്, സോമാലിയ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ്, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവർ ഇന്നലെ എത്തി.
യു.എ.ഇ തീരത്ത് എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളും സൗദിയിൽ എണ്ണ പൈപ്പ്‌ലൈനിലെ പമ്പിംഗ് നിലയങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളും മക്കയിൽ നടക്കുന്ന അറബ് ഉച്ചകോടി വിശകലനം ചെയ്യുമെന്ന് അറബ് ലീഗ് വക്താവ് അംബാസഡർ മഹ്മൂദ് അഫീഫി പറഞ്ഞു. ഈ ആക്രമണങ്ങളെ അറബ് ലീഗും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗൈതും അപലപിച്ചിട്ടുണ്ട്.
അറബ് ലീഗ് ഉച്ചകോടിയിൽ വിശകലനം ചെയ്യുന്ന പ്രധാന വിഷയം സൗദിയിലെ എണ്ണ പൈപ്പ്‌ലൈനുകളിലെ പമ്പിംഗ് നിലയങ്ങൾക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണമാണ്. അറബ് ദേശീയ സുരക്ഷക്ക് നേരിടുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളുടെ ഭാഗത്തു നിന്ന് വ്യക്തമായ നിലപാടുകൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അംബാസഡർ മഹ്മൂദ് അഫീഫി പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന പതിനാലാമത് ഇസ്‌ലാമിക ഉച്ചകോടി അറബ്, മുസ്‌ലിം ലോകത്ത് സൗദി അറേബ്യക്കുള്ള വലിയ സ്ഥാനത്തിന് തെളിവാണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ പറഞ്ഞു. ഇസ്‌ലാമിക് ലോകത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായകമാകുന്ന സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ, ഭീകരത, തീവ്രവാദം, ഇസ്‌ലാം ഭീതി അടക്കമുള്ള പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ വിശകലനം ചെയ്യുമെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു. നിരവധി രാജ്യങ്ങളിൽ മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിന് ഇസ്‌ലാമോഫോബിയ കാരണമായിട്ടുണ്ടെന്നും ഡോ. യൂസുഫ് അൽഉസൈമിൻ പറഞ്ഞു.