മക്ക - ഇത്തവണ സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ചരിത്രത്തിലെ ഏറ്റവും കൂടിയ പെരുന്നാൾ അവധി. പെരുന്നാൾ അവധി ശവ്വാൽ 15 വരെ നീട്ടി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. മുൻ നിശ്ചയപ്രകാരം ശവ്വാൽ ഏഴിന് ശനിയാഴ്ച പെരുന്നാൾ അവധി അവസാനിച്ച് ശവ്വാൽ എട്ടിന് ഞായറാഴ്ച സർക്കാർ ജീവനക്കാർക്ക് ഡ്യൂട്ടി ആരംഭിക്കേണ്ടതായിരുന്നു. ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്. ഇതനുസരിച്ച് ശവ്വാൽ 14-ന് ശനിയാഴ്ച പെരുന്നാൾ അവധി അവസാനിച്ച് 15-ന് ഞായറാഴ്ച സർക്കാർ ഓഫീസുകൾ തുറക്കും.
ഇത്തവണ പെരുന്നാൾ അവധിയിൽ നേരത്തെ തന്നെ നാലു ദിവസത്തെ വർധന ജീവനക്കാർക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയിലെ ഡ്യൂട്ടി പൂർത്തിയായ ശേഷം പെരുന്നാൾ അവധിക്ക് സർക്കാർ ഓഫീസുകൾ അടക്കേണ്ടതിനു പകരം വ്യാഴാഴ്ചയിലെ ഡ്യൂട്ടി പൂർത്തിയായതു മുതൽ പെരുന്നാൾ അവധി നൽകുന്നതിന് രാജാവ് നിർദേശിക്കുകയായിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ ഒരാഴ്ചത്തേക്ക് കൂടി പെരുന്നാൾ അവധി ദീർഘിപ്പിച്ചിരിക്കുന്നത്.