പൊന്നാനി- ശ്രീലങ്കയില്‍നിന്ന് ഐ.എസ് ഭീകരര്‍ പുറപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ലക്ഷദ്വീപിലും കേരള തീരങ്ങളിലും അതീവ ജാഗ്രതക്ക് കാരണമായ വെള്ള ബോട്ട് കണ്ടെത്തി. തീരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് കണ്ടെത്തിയത്. ചാവക്കാട് മുനക്കകടവ് ആഴക്കടലില്‍ ഇവര്‍ സഞ്ചരിച്ച മീന്‍പിടിത്ത ബോട്ട് ലക്ഷ്യംതെറ്റി നീങ്ങുന്ന നിലയിലായിരുന്നു.
വെള്ളനിറത്തിലുള്ള ബോട്ടില്‍ പതിനഞ്ചോളം ഐ.എസ്. ഭീകരര്‍ പുറപ്പെട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ അധികൃതരാണ് വിവരം ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് കൈമാറിയത്. തുടര്‍ന്ന് ലക്ഷദ്വീപിലും കേരളത്തിലും തീരപ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കേരള ഡി.ജി.പി വിവിധ സുരക്ഷാ ഏജന്‍സികളുമായി ചര്‍ച്ച നടത്തി. തീരങ്ങളില്‍ സ്വീകരിച്ച സുരക്ഷാ ജാഗ്രതയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
തീരങ്ങളില്‍ നിരീക്ഷണം നടത്താന്‍ വാര്‍ഡ് കടലോരസമിതികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കടലിലും കരയിലും പൊന്നാനി, ചാവക്കാട് മേഖലയിലെ കോസ്റ്റല്‍ പോലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തു.
ഇതിനിടയിലാണ് വെള്ള നിറത്തിലുള്ള ബോട്ട് തിങ്കളാഴ്ച ഉച്ചയോടെ ആഴക്കടലില്‍ കണ്ടെത്തിയത്. മംഗലാപുരത്തുനിന്ന് തമിഴ്‌നാട് സ്വദേശികള്‍ വാങ്ങിയതാണ് ഈ ബോട്ട്. തമിഴ്‌നാട്ടിലുള്ള തൊഴിലാളികള്‍ മീന്‍പിടിക്കുന്നതിനായി ആഴക്കടലിലെത്തിയപ്പോള്‍ എന്‍ജിന്‍ നിശ്ചലമായതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങുകയായിരുന്നു. ബോട്ട് മുനയ്ക്കകടവ് തീരദേശ പോലീസ് കസ്റ്റഡിയിലെടുത്തു. കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധനയില്‍ ഇത് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബോട്ടാണെന്ന് സ്ഥിരീകരിച്ചു.