തിരുവനന്തപുരം- മതന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുണ്ടായ ഏകീകരണം യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയത്തിന് കാരണമായെന്ന് നിയുക്ത എം.പി കെ.മുരളീധരൻ. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായങ്ങളും യു.ഡി.എഫിനെ പിന്തുണച്ചു. അതിനൊരു പ്രധാന കാരണം ശബരിമലയായിരുന്നു. എൻ.എസ്.എസിന്റെ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്തി. സി.പി.എമ്മിന്റെ വോട്ടുകളിൽ അടിയൊഴുക്കുണ്ടായി. അതിന്റെ ഉദാഹരണമാണ് ആലത്തൂർ ലോക്സഭാ മണ്ഡലം. യു.ഡി.എഫിന് ഒരു കാരണവശാലും മുൻതൂക്കം ലഭിക്കാൻ സാധ്യതയില്ലാത്ത മണ്ഡലമായിരുന്നു ആലത്തൂർ. സി.പി.എമ്മിന്റെ തെറ്റായ നയങ്ങളും മുഖ്യമന്ത്രിയുടെ ദാർഷ്ട്യവും സി.പി.എമ്മിന് തന്നെ തിരിച്ചടിയായി.
ദേശീയ തലത്തിൽ ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ സാധിക്കാത്തതാണ് ദേശീയ തലത്തിൽ കോൺഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. നേതാക്കൾമാത്രം പ്രവർത്തിച്ചാൽ പോരാ താഴേത്തട്ടിലും പ്രവർത്തനം വേണം. അഖിലേന്ത്യാ തലത്തിൽ സി.പി.എം കോൺഗ്രസിന്റെ ശത്രുവല്ല. കേരളത്തിൽ സി.പി.എം നടത്തുന്ന അക്രമരാഷ്ട്രീയമാണ് ഇവിടത്തെ പ്രശ്നം. ആലപ്പുഴയിലെ പരാജയം പാർട്ടി വിലയിരുത്തുമെന്നും കെ.മുരളീധരൻ പറഞ്ഞു.
നരേന്ദ്രമോഡിയെ അഭിനന്ദിച്ച കോൺഗ്രസ് നേതാവ് ആരായാലും തെറ്റുതന്നെയെന്ന് അബ്ദുള്ളക്കുട്ടിയുടെ മോഡി അനുകൂല പരാമർശത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംസ്ഥാനത്ത് നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള വിലയിരുത്തൽ കൂടിയാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.