മക്ക - പതിനാലാമത് ഇസ്‌ലാമിക് ഉച്ചകോടിയും അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികളും റിപ്പോർട്ട് ചെയ്യുന്നതിന് 59 വിദേശ ചാനലുകളും 390 വിദേശ മാധ്യമ പ്രവർത്തകരും പുണ്യഭൂമിയിലെത്തും. മാധ്യമ പ്രവർത്തകരുടെ ദൗത്യം എളുപ്പമാക്കുന്നതിനും ഇവർക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനും മീഡിയ മന്ത്രി തുർക്കി അൽശബാനയുടെ മേൽനോട്ടത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഉച്ചകോടികളുടെ റിപ്പോർട്ടിംഗ് എളുപ്പമാക്കുന്നതിനും മാധ്യമ പ്രവർത്തകർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനും 13 കർമ സമിതികൾക്ക് മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്.
നാലു മീഡിയ സെന്ററുകൾ വഴി മീഡിയ മന്ത്രാലയം മാധ്യമ പ്രവർത്തകർക്ക് സേവനങ്ങൾ നൽകും. നേട്ടങ്ങളും പുരോഗതികളും വിശദീകരിക്കുന്നതിന് മാധ്യമ പ്രവർത്തകരുടെ താമസ സ്ഥലത്ത് 11 സർക്കാർ, സിവിൽ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകൾ അടങ്ങിയ എക്‌സിബിഷനും ഒരുക്കുന്നുണ്ട്. 57 രാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന മൂന്നു ഉച്ചകോടികളുടെ ആഗോള പ്രാധാന്യം കണക്കിലെടുത്ത് മുമ്പില്ലാത്ത വിധമുള്ള വലിയ മാധ്യമ കവറേജ് ഉറപ്പു വരുത്തുന്നതിന് വലിയ പ്രയത്‌നങ്ങളാണ് നടത്തുന്നതെന്ന് ഉച്ചകോടി മീഡിയ കമ്മിറ്റി പ്രസിഡന്റ് ഡോ. ഫഹദ് ബിൻ ഹസൻ ആലുഅഖ്‌റാൻ പറഞ്ഞു.
ഉച്ചകോടികളോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരും ചാനലുകളും വാർത്താ ഏജൻസികളുമായുമുള്ള തത്സമയ പത്രസമ്മേളനങ്ങളിൽ ഏതാനും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കും. സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും അഭിവൃദ്ധിയും അടുത്തറിയുന്നതിന് സാധിക്കുന്നതിന് ഉച്ചകോടികൾ റിപ്പോർട്ട് ചെയ്യുന്നതിന് എത്തുന്ന വിദേശ മാധ്യമ പ്രവർത്തകർക്ക് ഏതാനും കേന്ദ്രങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും സന്ദർശനങ്ങൾ സംഘടിപ്പിക്കുമെന്നും ഡോ. ഫഹദ് ബിൻ ഹസൻ ആലുഅഖ്‌റാൻ പറഞ്ഞു.
പതിനാലാമത് ഇസ്‌ലാമിക് ഉച്ചകോടിക്കു മുന്നോടിയായി ഒ.ഐ.സി രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ജിദ്ദയിൽ ഇന്നലെ സന്നാഹ യോഗം ചേർന്നു. സന്നാഹ യോഗത്തിന്റെ ഉദ്ഘാടന സെഷനിൽ പതിമൂന്നാമത് ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിച്ച തുർക്കിയുടെ പ്രതിനിധിയിൽ നിന്ന് സൗദി വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽറസി സന്നാഹ യോഗ പ്രസിഡന്റ് പദവി ഏറ്റെടുത്തു. മക്ക ഉച്ചകോടിയിൽ അവതരിപ്പിക്കേണ്ട സമാപന പ്രഖ്യാപനങ്ങൾ യോഗത്തിൽ വിശകലനം ചെയ്യുകയും ഉച്ചകോടിയുടെ അജണ്ടകളും വിദേശ മന്ത്രിമാരുടെ സന്നാഹ യോഗ പ്രവർത്തന പദ്ധതിയും അംഗീകരിക്കുകയും ചെയ്തു. പതിനാലാമത് ഇസ്‌ലാമിക് ഉച്ചകോടിക്കു മുന്നോടിയായി വിദേശ മന്ത്രിമാരുടെ സന്നാഹ യോഗം ഇന്ന് നടക്കും.