Sorry, you need to enable JavaScript to visit this website.

ഹറമൈൻ റെയിൽവേ സ്റ്റേഷനുകളിൽ സൗദിയ ഓഫീസുകൾ തുറക്കുന്നു

സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിറും സൗദി റെയിൽവേയ്‌സ് ഓർഗനൈസേഷൻ ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അൽറുമൈഹും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചപ്പോൾ

ജിദ്ദ - ട്രെയിൻ, വിമാന യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ട് ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സ്റ്റേഷനുകളിൽ ദേശീയ വിമാന കമ്പനിയായ സൗദിയ ഓഫീസുകൾ തുറക്കുന്നു. 
ഇതിനുള്ള പങ്കാളിത്ത കരാറിൽ ജിദ്ദ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ സൗദിയയും സൗദി റെയിൽവേയ്‌സ് ഓർഗനൈസേഷനും ഒപ്പുവെച്ചു. സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിറും സൗദി റെയിൽവേയ്‌സ് ഓർഗനൈസേഷൻ ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അൽറുമൈഹും ആണ് കരാറിൽ ഒപ്പുവെച്ചത്. സൗദിയയിലെയും ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. 
ഹജ്, ഉംറ തീർഥാടകർക്കും മറ്റു യാത്രക്കാർക്കും സമഗ്രവും മികച്ചതുമായ ഗതാഗത സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇതു പ്രകാരം മക്ക, മദീന, ജിദ്ദ, ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലെ ഹറമൈൻ ഹൈസ്പീഡ് റെയിൽെേവ സ്റ്റേഷനുകളിൽ സൗദിയ ഓഫീസുകൾ തുറക്കും. 
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി തീർഥാടകർക്കും സ്വദേശികൾക്കും വിദേശികൾക്കും ഗതാഗത മേഖലയിൽ ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന് സൗദിയയും ഹറമൈൻ ഹൈസ്പീഡ് റെയിൽവേയും ഒപ്പുവെച്ച പങ്കാളിത്ത കരാറിലൂടെ ലക്ഷ്യമിടുന്നു. തീർഥാടകർ അടക്കമുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നിലക്ക് പങ്കാളിത്ത, സമഗ്ര സേവനങ്ങളിലൂടെ ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനാണ് ശ്രമം. തീർഥാടകർക്കും സ്വദേശികൾക്കും വിദേശികൾക്കും യാത്രാ സേവനം നൽകുന്നതിൽ സൗദിയയും ഹറമൈൻ ഹൈസ്പീഡ് റെയിൽവേയും സംയോജനത്തോടെ പ്രവർത്തിക്കുകയും അതിവേഗ യാത്രാനുഭവം വികസിപ്പിക്കുകയും ചെയ്യും. 
കരാർ പ്രകാരം റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാരുടെ ലഗേജുകൾ നേരിട്ട് എയർപോർട്ടിലേക്ക് നീക്കം ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തും.
 പ്രാദേശിക, അന്താരാഷ്ട്ര വിമാന യാത്രക്കാരുടെയും ട്രെയിൻ യാത്രക്കാരുടെയും നടപടിക്രമങ്ങൾ വെബ്‌സൈറ്റുകളും ആപ്പുകളും സെൽഫ് സർവീസ് ഉപകരണങ്ങളും വഴി എളുപ്പമാക്കുകയും ചെയ്യും. 
സൗദിയ, ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സേവനങ്ങൾ സംയോജിക്കപ്പെടുന്നതിലൂടെ ഹജ്, ഉംറ തീർഥാടകർ അടക്കമുള്ളവർക്ക് സമയവും അധ്വാനവും ലാഭിക്കുന്നതിനും നവീന സേവനങ്ങൾ അനുഭവിക്കുന്നതിനും പുതിയ പങ്കാളിത്ത കരാർ സഹായകമാകും.
 

Latest News