Sorry, you need to enable JavaScript to visit this website.

ഖുർആൻ, ബാങ്ക് വിളി മത്സരങ്ങൾ: 148 രാജ്യങ്ങളിൽനിന്ന് മത്സരാർഥികൾ

ഹിജ്‌റ മത്സരവും സംഘടിപ്പിക്കുന്നു

റിയാദ് - ഖുർആൻ, ബാങ്ക് വിളി മത്സരങ്ങളിൽ ഇതിനകം 148 രാജ്യങ്ങളിൽ നിന്നുള്ളവർ രജിസ്റ്റർ ചെയ്തതായി റോയൽ കോർട്ട് ഉപദേഷ്ടാവും ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനും യൂനിയൻ ഓഫ് അറബ് ഫുട്‌ബോൾ അസോസിയേഷൻസ് പ്രസിഡന്റുമായ തുർക്കി ആലുശൈഖ് അറിയിച്ചു. ദിവസങ്ങൾക്കു മുമ്പാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. മത്സരത്തിൽ പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്നവരെല്ലാവരും (വേേു:െ//ൂൗൃമിമവേമിമംമൃറ.െരീാ)  എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. 
ഹിജ്‌റ മത്സരം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് മദീനയിലേക്ക് നടത്തിയ പലായനത്തിന് സമാനമായ അനുഭവം സമ്മാനിക്കുന്ന ഹിജ്‌റ മത്സരത്തിൽ പ്രവാചക ചരിത്രവുമായി മത്സരാർഥികളെ അടുപ്പിക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കും. ലോകത്തുള്ള എല്ലാ മുസ്‌ലിംകൾക്കും ഹിജ്‌റ മത്സരത്തിലും പങ്കെടുക്കാൻ അവസരമുണ്ടാകും. മത്സരത്തിന്റെ രജിസ്‌ട്രേഷൻ, മത്സരം ആരംഭിക്കുന്ന തീയതി, മത്സരത്തോടനുബന്ധിച്ച മറ്റു പരിപാടികൾ എന്നിവയെല്ലാം ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി വെബ്‌സൈറ്റ് വഴി ദിവസങ്ങൾക്കുള്ളിൽ പരസ്യപ്പെടുത്തുമെന്നും തുർക്കി ആലുശൈഖ് പറഞ്ഞു. 
ഏറ്റവും മധുരമനോഹരമായി ഖുർആൻ പാരായണം ചെയ്യുന്നവർക്കും ബാങ്ക് വിളിക്കുന്നവർക്കും വേണ്ടിയുള്ള മത്സരങ്ങളിൽ ലോകത്തുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. മത്സര വിജയികൾക്ക് ആകെ 1.2 കോടി റിയാൽ (32 ലക്ഷം ഡോളർ) സമ്മാനമായി വിതരണം ചെയ്യും. കഴിഞ്ഞ ജനുവരിയിൽ ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി പ്രഖ്യാപിച്ച തന്ത്രത്തിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 
ലോകത്ത് ഏറ്റവും മാധുര്യമാർന്ന ശബ്ദത്തിൽ, ശ്രോതാക്കളിൽ സ്വാധീനം ചെലുത്തുന്ന നിലക്ക്, ആശയം ഉൾക്കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നവരെ കണ്ടെത്തുന്നതിനും അവരുടെ പാരായണങ്ങൾ ലോകത്ത് പ്രചരിപ്പിക്കുന്നതിനുമാണ് ഖുർആൻ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. 
വളർന്നുവരുന്ന തലമുറകളെ വിശുദ്ധ ഖുർആനുമായി ബന്ധിപ്പിക്കുന്നതിനും ഖുർആൻ പഠിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനും ഇതിലൂടെ ഉന്നമിടുന്നു. ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാർഥിക്ക് 50 ലക്ഷം റിയാൽ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 20 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് 10 ലക്ഷം റിയാലും നാലാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും. 
ബാങ്ക് വിളി മത്സരത്തിലൂടെ ബാങ്ക് വിളി ശബ്ദത്തിന്റെ മനോഹാരിതയും മാധുര്യവും ആഘോഷിക്കുന്നതിന് ലക്ഷ്യമിടുന്നു. മസ്ജിദുന്നബവിയിൽ ബാങ്ക് വിളിക്കുന്നതിനുള്ള ആദരവ് ലഭിക്കുമെന്നത് മത്സരാർഥികൾക്ക് പ്രചോദനവും പ്രോത്സാഹനവുമാകും. ബാങ്ക് വിളി മത്സരത്തിലെ വിജയിക്ക് ഇരുപതു ലക്ഷം റിയാൽ സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനക്കാരന് പത്തു ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും. നാലാം സ്ഥാനത്തെത്തുന്ന മത്സരാർഥിക്ക് രണ്ടര ലക്ഷം റിയാലാണ് സമ്മാനമായി ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്നവർ (https://quranathanawards.com/)  എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. 
മെയ് 22 മുതൽ ജൂലൈ 22 വരെയുള്ള കാലത്ത് മത്സരാർഥികൾക്ക് രജിസ്റ്റർ ചെയ്യുന്നതിന് അവസരമുണ്ട്. ജൂലൈ 23 മുതൽ ഓഗസ്റ്റ് 23 വരെയുള്ള കാലത്ത് പ്രാഥമിക റൗണ്ട് മത്സരങ്ങളും സ്‌ക്രീനിംഗും നടക്കും. ഇത് ഓൺലൈൻ വഴിയായിരിക്കും. 
ലൈവ് മത്സരങ്ങൾ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 24 വരെയുള്ള കാലത്താണ് നടക്കുക. 
സെപ്റ്റംബർ 25 മുതൽ ഒക്‌ടോബർ 25 വരെയുള്ള കാലത്ത് വിജയികളെ പ്രഖ്യാപിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്യും. ലോകത്തെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള, ആഗ്രഹിക്കുന്ന എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. 
ലോകത്ത് ഖുർആൻ, ബാങ്ക് വിളി മത്സരങ്ങളിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

Latest News