കൊച്ചി- സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ചുവെന്ന കേസിലെ ഒന്നാം പ്രതി ഫാ.പോൾ തേലക്കാട്ട്, നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരൻ എന്നിവരുടെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. അതേസമയം അന്വേഷണവുമായി വൈദികർ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. വൈദികർ അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ജൂൺ ഏഴിന് കേസ് വീണ്ടും കോടതി പരിഗണിക്കും. കേസിലെ മൂന്നാം പ്രതിയായ ആദിത്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഉപാധികളോടെയാണ് വൈദികരെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുമണി വരെ മാത്രമേ ചോദ്യം ചെയ്യാവൂവെന്ന് കോടതി നിർദേശിച്ചു. വൈദികർ ആവശ്യപ്പെട്ടാൽ ഇടവേള നൽകണം. അഭിഭാഷകരുടെ സഹായവും ചോദ്യം ചെയ്യൽ സമയത്ത് വൈദികർക്ക് തേടാം. വൈദികരെ ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ പാടില്ലെന്നും കോടതി നിർദേശം നൽകി. മാർ ജേക്കബ് മനത്തോടത്താണ് കേസിലെ രണ്ടാം പ്രതി. ചോദ്യം ചെയ്യൽ പൂർത്തിയായി കഴിഞ്ഞാൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.