Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ മരിച്ച പുനലൂര്‍ സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച കൊണ്ടുപോകും

ജിദ്ദ- ഈ മാസം 18 ന് ജിദ്ദയില്‍ നിര്യാതനായ കൊല്ലം പുനലൂര്‍ ഇടമണ്‍ സ്വദേശി സുല്‍ഫിക്കര്‍ ജമാലുദ്ദീന്റെ (32) മൃതദേഹം ബുധനാഴ്ച രാത്രി ഗള്‍ഫ് എയര്‍ വിമാനത്തില്‍ സ്വദേശത്തേക്ക് കൊണ്ടുപോകും.
മൃതദേഹം കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം സുല്‍ഫിക്കര്‍ ജോലി ചെയ്തിരുന്ന കമ്പനിയെ അറിയിച്ചിരുന്നു.
കീ റെന്റ് എ കാര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന സുല്‍ഫിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കമ്പനി ആവശ്യമായ സഹായങ്ങള്‍ നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കൊല്ലം പ്രവാസി സംഗമം പ്രവര്‍ത്തകരാണ് രംഗത്തുണ്ടായിരുന്നത്.
ജോലി ചെയ്യുന്ന സ്ഥാപനം നില്‍ക്കുന്ന കെട്ടിടത്തിന്റെ പിറകുവശത്തായി മരിച്ച നിലയില്‍ സുല്‍ഫിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവ ദിവസം നാലു മണിയോടെ ഓഫീസിലെത്തിയ സുല്‍ഫിയെ ഓഫീസ് അടക്കാനുള്ള സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന് പിറകില്‍ വീണുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം മഹ്ജര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
മരണത്തിന് രണ്ട് ദിവസം മുമ്പ് കടുത്ത രക്തസമ്മര്‍ദ്ദത്തിന് സുല്‍ഫി ശറഫിയയിലെ ഒരു പോളിക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. രക്തസമ്മര്‍ദം കുറക്കാന്‍ കുത്തിവെപ്പ് നടത്തുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്തതായി സുഹൃത്തുക്കള്‍ പറഞ്ഞു. രക്തസമ്മര്‍ദംകൂടി കുഴഞ്ഞുവീണാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
ഇടമണ്‍ വട്ടവിള വീട്ടില്‍ ജമാലുദ്ദീന്‍-സീനത്ത് ബീവി ദമ്പതികളുടെ മകനായ സുല്‍ഫിക്കറിന്റെ ഭാര്യ റീനു. മുഹമ്മദ് റിയാന്‍ (6), മുഹമ്മദ് റംസാന്‍ (4) എന്നിവര്‍ മക്കളാണ്. മരണാനന്തര നടപടിക്രമങ്ങള്‍ക്കായി കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് ഷാനവാസ് കൊല്ലം, ജനറല്‍ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട്, വെല്‍ഫെയര്‍ കണ്‍വീനര്‍ സോമരാജന്‍ പിള്ള, സലിം പന്മന എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.

 

Latest News