ദുബായ്- നറുക്കെടുപ്പുകളുടേയും ഭാഗ്യസമ്മാനങ്ങളുടേയും നാടായ ദുബായില്‍ മലയാളി യുവാവിന് പെരുന്നാള്‍ കോളടിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏകദേശം 7 കോടി രൂപ (10 ലക്ഷം യു.എസ് ഡോളര്‍) സമ്മാനം കിട്ടിയത് കോട്ടയം കുറവിലങ്ങാട് പഞ്ചമിയില്‍ രവീന്ദ്രന്‍ നായര്‍–-രത്‌നമ്മ ദമ്പതികളുടെ മകന്‍ പി.ആര്‍. രതീഷ് കുമാറിന്.
ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ രതീഷ് കുമാര്‍ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി ഒറ്റക്ക് ഭാഗ്യം പരീക്ഷിക്കുന്നു. ഏപ്രില്‍ രണ്ടിനാണ് സമ്മാനം നേടിയ കൂപ്പണ്‍ വാങ്ങിയത്. ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ തോന്നിയില്ല. ഭാഗ്യം സമ്മാനിച്ച കൂപ്പണിന്റെ നമ്പര്‍ ഒത്തുവന്നപ്പോള്‍ ഉറപ്പിച്ചു. പിന്നീട്, സുഹൃത്ത് ഡ്യൂട്ടി ഫ്രീയുടെ ഫെയ്‌സ്ബുക് പേജ് പരിശോധിച്ചും നമ്പര്‍ ഉറപ്പുവരുത്തിയതായി രതീഷ് കുമാര്‍ പറഞ്ഞു. 10 വര്‍ഷമായി യു.എ.ഇയിലുള്ള രതീഷ് കുമാര്‍ കുടുംബസമേതമാണ് ഇവിടെ താമസം.