റിയാദ്- സ്വകാര്യ മേഖലാ ജീവനക്കാരുടെ പെരുന്നാൾ അവധി നാലു ദിവസമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം റമദാൻ 29 ന് തൊട്ടടുത്ത ദിവസം മുതൽ നാലു ദിവസത്തെ അവധിക്കാണ് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവകാശമുള്ളത്.
ബലി പെരുന്നാളിനും സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാലു ദിവസത്തെ അവധിയാണ് ലഭിക്കുക. അറഫ ദിനം മുതൽ നാലു ദിവസമാണ് ബലി പെരുന്നാളിന് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധി നൽകേണ്ടത്. ദേശീയദിനവും വാരാന്ത്യ അവധിയും ഒരുമിച്ചുവരികയാണെങ്കിൽ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിവസത്തിനു മുമ്പോ ശേഷമോ ഉള്ള ഒരു ദിവസം ബദൽ അവധി നൽകണം. രണ്ടു പെരുന്നാളുകൾക്ക് മധ്യേയാണ് ദേശീയദിനം വരുന്നതെങ്കിൽ ദേശീയദിനാവധിക്ക് ബദൽ ദിവസം അവധി നൽകേണ്ടതില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.