വടകര- ആയഞ്ചേരി മാങ്ങോട് ജുമുഅത്ത് പള്ളിയിൽ നിന്നു നമസ്‌കാരം കഴിഞ്ഞു മടങ്ങുന്ന യുവാക്കളെ ആക്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ മാങ്ങോട് ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി ഉൾപ്പെടെ നാലുപേരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹല്ല് സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് മുൻ ആയഞ്ചേരി മേഖലാ പ്രസിഡന്റുമായ ഇല്യാസ് മാങ്ങോട്, യൂത്ത് ലീഗ് പ്രസിഡന്റ് റഈസ്, യൂത്ത് ലീഗ് ഭാരവാഹികളായ ഇർഫാദ്, റഫീം, സുഫൈദ്, മുർഷിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായാഴ്ച രാത്രി പത്തു മണിക്ക് ശേഷമാണ് സംഭവം. പള്ളിയിൽ നിന്നും മടങ്ങുകയായിരുന്ന യുവാക്കളെ 50 ഓളം വരുന്ന സി.പി.എമ്മുകാർ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചതായാണ് പരാതി. പിടിച്ചു മാറ്റാൻ ശ്രമിച്ചവർക്കു നേരെ ആക്രമണം നടന്നതായും സി.പി.എം ശക്തികേന്ദ്രത്തിലൂടെ ബൈക്ക് ഓടിച്ചത് എന്തിനാണെന്ന് ചോദിച്ചാണ് ആക്രമണമെന്നും ലീഗ് നേതാക്കൾ പറഞ്ഞു. സി.പി.എമ്മിന്റെ പ്രദേശത്തെ സ്ഥിരം ക്രിമിനൽ സംഘത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പരിക്കേറ്റവർ പറഞ്ഞു. പരിക്കേറ്റവരെ യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു.