റിയാദ് - പൊതുസ്ഥലങ്ങളില്‍ മര്യാദയും മാന്യതയും ലംഘിച്ചതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പുതിയ നിയമാവലി നടപ്പാക്കി തുടങ്ങിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍ തുക പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നിയമാവലി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ പഠിച്ചുവരികയാണ്. മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിര്‍ണയിച്ചു കഴിഞ്ഞ ശേഷം നിയമാവലി നടപ്പാക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളിലെ മര്യാദയും മാന്യതയും സംരക്ഷിക്കുന്നതിനുള്ള നിയമാവലി രണ്ടു മാസം മുമ്പാണ് മന്ത്രിസഭ അംഗീകരിച്ചത്. നിയമാവലി നേരത്തെ ശൂറാ കൗസില്‍ പാസാക്കിയിരുന്നു. സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതടക്കം പൊതുസംസ്‌കാരത്തിനും സദാചാര മൂല്യങ്ങള്‍ക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് 5,000 റിയാല്‍ വരെ പിഴ ചുമത്താന്‍ നിയമാവലി വ്യവസ്ഥ ചെയ്യുന്നു. പൊതുസ്ഥലങ്ങളില്‍ സദാചാര മൂല്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നവര്‍ക്കും നഗ്നത മറയാത്ത വസ്ത്രം ധരിക്കുന്നവര്‍ക്കും പിഴ ലഭിക്കും.
പൊതുസ്ഥലങ്ങളില്‍ സൗദി സംസ്‌കാരവും ആചാരങ്ങളും മാനിക്കണമെന്ന് നിയമാവലി അനുശാസിക്കുന്നു. മാന്യമല്ലാത്ത വസ്ത്രം ധരിക്കല്‍, പൊതുസംസ്‌കാരത്തിനും അഭിരുചിക്കും നിരക്കാത്ത ഫോട്ടോകളും വാചകങ്ങളും മുദ്രണം ചെയ്ത വസ്ത്രങ്ങള്‍ ധരിക്കല്‍, പ്രത്യേകം ലൈസന്‍സ് നേടാതെ ഭിത്തികളില്‍ എഴുതലും ചിത്രം വരക്കലും എന്നിവയെല്ലാം നിയമാവലി വിലക്കുന്നു. പൊതുസ്ഥലങ്ങളിലുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുകയും അവരെ ഭീതിപ്പെടുത്തുകയും അപകട സാധ്യതയുണ്ടാക്കുകയും ചെയ്യുന്ന വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവക്കും വിലക്കുണ്ട്.
നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമാവലി അനുസരിച്ച നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും നിര്‍ണയിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിനും ടൂറിസം, ദേശീയ പൈതൃക വകുപ്പിനും നിയമാവലി അധികാരം നല്‍കുന്നു. നിയമം നടപ്പാക്കുകയും നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുതിനുമുള്ള വകുപ്പുകളെ ആഭ്യന്തര മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃക വകുപ്പും ഏകോപനത്തോടെ നിര്‍ണയിക്കണമെന്നും പത്തു വകുപ്പുകളുള്ള നിയമാവലി ആവശ്യപ്പെടുന്നുണ്ട്.