ഷാര്‍ജ- മൂട്ടക്ക് വെച്ച വിഷവാതകം ബാലന്റെ ജീവനെടുത്തു. അല്‍ നഹ്ദ ഏരിയയില്‍ ഈ മാസം 23നാണ് സംഭവം. അയല്‍പക്കത്തെ ഫഌറ്റുകാര്‍ വച്ച നിരോധിത വിഷവാതകം ശ്വസിച്ച് 10 വയസ്സുകാരനായ പാക്കിസ്ഥാനി ബാലനാണ് മരിച്ചത്. സഹോദരിയെയും മാതാപിതാക്കളെയും അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യം കുട്ടിയുടെ പിതാവ് ഷഫിയുള്ള ഖാന്‍ നിയാസി (42) ആണ് അവശനിലയിലായത്. വിഷവായു ശ്വസിച്ച് ഇയാളെയും പിന്നീട് മകന്‍ ഖുസൈമിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ നേടിയ ശേഷം ഇവര്‍ ആശുപത്രി വിട്ടു. പിന്നീട് പുലര്‍ച്ചെ 1.30 ന് ഭാര്യ ആരിഫയെയും മകള്‍ കോമളിനെയും അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് രാവിലെ 7.30 ന് മകന്റെ നില ഗുരുതരമാവുകയും മരണപ്പെടുകയും ചെയ്തു.
ഷഫിയുള്ള ഖാന്‍ നിയാസി, ആരിഫ, കോമള്‍ എന്നിവര്‍ സുഖം പ്രാപിച്ചുവരുന്നു. മൂട്ട, പാറ്റ തുടങ്ങിയ കീടങ്ങളെ വകവരുത്താന്‍ മുനിസിപാലിറ്റിയുടെ അംഗീകാരമുള്ള ഏജന്‍സിയെയാണ് സമീപിക്കേണ്ടത്. സ്വയം മരുന്നു പ്രയോഗിക്കല്‍ നിരോധിച്ചിരിക്കുകയാണ്. ഇത് കണക്കാക്കാതെയായിരുന്നു അയല്‍വാസിയുടെ വാതക പ്രയോഗം.