കോട്ടയം- വിവാഹം അസാധുവാക്കി രക്ഷിതാക്കൾക്കൊപ്പം ഹൈക്കോടതി വിട്ടയച്ച ഹാദിയ വീട്ടിനുള്ളിൽ കടുത്ത മനുഷ്യാവകാശ ലംഘനം അനുഭവിക്കുകയാണെന്ന പരാതിയിൽ അനേ്വഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ആരോപണം ശരിയാണെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഹാദിയ അനുഭവിക്കുന്നതെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് നടപടിക്രമത്തിൽ പറഞ്ഞു.
ഹാദിയയുടെ ജീവിതത്തെ കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി അനേ്വഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഹാദിയയെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോലും രക്ഷാകർത്താക്കൾ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പോലീസ് ഉദേ്യാഗസ്ഥരുടെ സുരക്ഷയിലാണ് ഹാദിയയുടെ വീട്ടുതടങ്കൽ. ടി.വി കാണാൻ അനുവാദമില്ല. നോമ്പ് എടുക്കാറുണ്ട്. ഖുർആൻ വായിക്കാനാണ് സമയം ചെലവാക്കുന്നത്. മുറിക്കകത്തുള്ള കുളിമുറിയിൽ വസ്ത്രം അലക്കും. കഴുകിയ വസ്ത്രങ്ങൾ പുറത്ത് ഉണങ്ങാനിടാൻ അനുവാദമില്ല. ജീവൻ നിലനിർത്താനുള്ള ആഹാരം മാത്രമാണ് കഴിക്കുന്നത്. സ്ഥലത്തുള്ള വനിതാ പോലീസുകാർക്ക് പോലും ഹാദിയക്ക് മൊബൈൽ ഫോൺ കൊടുക്കാൻ അനുവാദമില്ല. വനിതാ പോലീസ് വീട്ടിലേക്കു കയറുമ്പോൾ ഫോൺ വീട്ടുകാരെ ഏൽപ്പിക്കണം.
വൈക്കം ടി.വി.പുരം സ്വദേശിനിയാണ് അഖില എന്ന ഹാദിയ. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തി എന്ന കാരണത്താലാണ് വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. കൊല്ലം സ്വദേശി ഷെഫിൻ ജഹാനെയാണ് ഹാദിയ വിവാഹം കഴിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് ഹാദിയ ടി.വി പുരത്തെ വസതിയിൽ കഴിയുന്നത്.
ഹാദിയയുടെ വീടും പ്രദേശവും പോലീസ് നിരീക്ഷണത്തിലാണ്. ഹാദിയയുടെ ജീവതത്തെ കുറിച്ച് നാട്ടുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗങ്ങൾ ഹാദിയയെ സന്ദർശിക്കാൻ എത്തിയിരുന്നു. എന്നാൽ പോലീസ് അനുവദിച്ചില്ല. പോലീസിന്റെ ഭരണകൂട ഭീകരത സ്ഥലത്തെ ക്രമസമാധാന നില പോലും തകരാറിലാക്കിയെന്നും പരാതിയിൽ പറയുന്നു. ദേശീയ വനിതാ ഫ്രണ്ടിനു വേണ്ടി എൽ.നസീമയാണ് കേസ് ഫയൽ ചെയ്തത്.