റിയാദ് - ഹുക്ക വിതരണം ചെയ്യുന്ന കോഫി ഷോപ്പുകൾക്കും റെസ്റ്റോറന്റുകൾക്കും ഭീമമായ വാർഷിക ഫീസ് ബാധകമാക്കുന്നതിന് മന്ത്രിസഭയുടെ അനുമതി. കോഫി ഷോപ്പുകൾക്കും റെസ്റ്റോറന്റുകൾക്കും ഹുക്ക വിതരണം ചെയ്യുന്നതിന് ലൈസൻസ് നൽകുന്നതിനുള്ള നിർദിഷ്ട വ്യവസ്ഥകളും ഫീസും മന്ത്രിസഭ അംഗീകരിച്ചു. നഗരങ്ങൾക്കകത്തും പുറത്തും പ്രവർത്തിക്കുന്ന, ഹുക്ക വിതരണം ചെയ്യുന്ന കോഫി ഷോപ്പുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും വാർഷിക ഫീസ് ആയി ഒരു ലക്ഷം റിയാൽ വരെ ഈടാക്കാനാണ് തീരുമാനം. ഹുക്ക വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ ആകെ വിൽപനക്ക് തുല്യമായ തുക വരെ വാർഷിക ഫീസ് ആയി ഈടാക്കുന്നതിന് മന്ത്രിസഭാ തീരുമാനം അനുശാസിക്കുന്നു. കൂടിയ പരിധിയായ ഒരു ലക്ഷം റിയാലിൽ കവിയാത്ത നിലക്ക് സ്ഥിരം വാർഷിക ഫീസ് നിർണയിക്കുന്ന നിയമാവലി പ്രഖ്യാപിക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും നിർമിക്കുകയും പേക്ക് ചെയ്യുകയും തയാറാക്കുകയും ചെയ്യുന്ന റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും മൊബൈൽ ഫുഡ് ട്രക്കുകളിലും സ്റ്റാളുകളിലും മറ്റു സ്ഥാപനങ്ങളിലും പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിന് പ്രത്യേക സ്ഥലം സജ്ജീകരിക്കുന്ന പക്ഷം അത്തരം ഏരിയകൾക്ക് ലൈസൻസുണ്ടായിരിക്കണമെന്നും അവിടങ്ങളിൽ നല്ല വായുസഞ്ചാര സംവിധാനമുണ്ടായിരിക്കണമെന്നും പുകവലി വിരുദ്ധ നിയമാവലി അനുശാസിക്കുന്നുണ്ട്. ഇത്തരം ഏരിയകളിൽ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വിതരണം ചെയ്യാൻ പാടില്ലെന്നും ഒരു വിധത്തിലും പെട്ട വിനോദോപാധികൾ ഉണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. പുകവലി ഏരിയയിലേക്ക് പതിനെട്ടു വയസിൽ കുറവ് പ്രായമുള്ളവർക്ക് പ്രവേശന വിലക്കുള്ള കാര്യം ഉണർത്തി അറബിയിലും ഇംഗ്ലീഷിലുമുള്ള ബോർഡുകൾ എളുപ്പത്തിൽ കാണുന്ന നിലയിൽ സ്ഥാപിക്കലും നിർബന്ധമാണ്.
പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ഏരിയകൾ സമീപപ്രദേശങ്ങളിൽ നിന്ന് തീർത്തും വേറിട്ടതായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ സ്ഥാപനങ്ങളുടെ മേൽക്കൂരയുടെ ഉയരം മൂന്നു മീറ്ററിൽ കുറവാകാനും പാടില്ല. പുകവലി ഏരിയയിൽ ഒരേസമയത്തുള്ള ആളുകളുടെ എണ്ണം 1.4 ചതുരശ്രമീറ്റർ വിസ്തീർണത്തിന് ഒരാൾ എന്ന പരിധിയിൽ കൂടുതലാകരുതെന്നും വ്യവസ്ഥയുണ്ട്. പുകവലിക്കാത്തവർക്ക് കൂടി ആവശ്യം വരുന്ന ഫോൺ, ഫാക്‌സ്, പ്രിന്റർ അടക്കമുള്ള മറ്റു സേവനങ്ങൾ പുകവലി ഏരിയയിൽ സ്ഥാപിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.