ദോഹ - തനിക്ക് ഇഷ്ടപ്പെട്ടത് അല്ലാഹുവിന് വേണ്ടി ത്യജിക്കാൻ പഠിച്ച് ജീവിതത്തിലുടനീളം അല്ലാഹു വിലക്കിയതിൽ നിന്ന് വിട്ട് നിൽക്കാനുള്ള കരുത്താർജിക്കലാണ് വിശ്വാസികൾ നോമ്പിൽ നിന്നും സ്വായത്തമാക്കേണ്ടതെന്ന് എം.വി സലീം മൗലവി പറഞ്ഞു. ആർ.എ.എഫ് ഫൗണ്ടേഷനും ഖത്തർ ആഭ്യന്തര മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച കമ്യൂണിറ്റി ഇഫ്താറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാനിൽ സ്വയം നിയന്ത്രണം നേടിയെടുക്കുന്നവർ ജീവിതത്തിലുടനീളം വിജയം വരിക്കും.
റമദാൻ സഹവർത്തിത്വത്തിന്റെ കൂടി മാസമാണ്. ഖുർആനിന്റെ അധ്യാപനം ഉൾക്കൊണ്ട് തിന്മയെ നന്മകൊണ്ട് അതിജയിക്കാനുള്ള കരുത്ത് വിശ്വാസികൾ ആർജിക്കണം. തന്നോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരോടും ശത്രുത വെച്ച് പുലർത്തുന്നവരോടും സ്‌നേഹത്തിൽ വർത്തിക്കുക എന്നത് വിശ്വാസികളുടെ അടിസ്ഥാന ഗുണമാണ്. അപ്പോൾ ശത്രുക്കൾ പോലും മിത്രങ്ങളാവുന്ന അവസ്ഥ വന്നു ചേരുമെന്ന് അദ്ദേഹം ഉണർത്തി.
ഇന്ത്യൻ സമൂഹം ഇവിടുത്തെ നിയമങ്ങൾ അനുസരിക്കുന്നതിൽ മുന്നിൽ നിൽക്കുന്നവരാണെന്ന് ചടങ്ങിൽ സംസാരിച്ച അഭ്യന്തര മന്ത്രാലയം പ്രതിനിധി കേണൽ അബ്ദുൽ വാഹിദ് അൽ ഇനൈസി പറഞ്ഞു. വിദേശികൾ തങ്ങളുടെ തിരിച്ചറിയൽ രേഖ എല്ലായിപ്പോഴും കയ്യിൽ കരുതണമെന്ന് അദ്ദേഹം ഉണർത്തി. തുടർന്ന് ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി റീച്ച് ഔട്ട് കോർഡിനേറ്റർ ഫൈസൽ ഹുദവി ട്രാഫിക് നിയമങ്ങളെയും പ്രവാസികൾ ശ്രദ്ധിക്കേണ്ട നിയമങ്ങളെയും കുറിച്ച് ക്ലാസെടുത്തു.
ഖത്തറിലെ പുതിയ സാമൂഹിക സാഹചര്യത്തിൽ പ്രവാസി സമൂഹം പക്വമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ പ്രധിനിധി കെ.സി അബ്ദുൽ ലത്തീഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ആർ.എ.എഫ് കമ്യൂണിറ്റി ഇഫ്താർ സൂപ്പർവൈസർ അയ്മൻ അൽ നബവി ആശംസകൾ അർപ്പിച്ചു. ആർ.എ.എഫ് കമ്യൂണിറ്റി ഇഫ്താർ ഉപഹാരം അയ്മൻ അൽ നബവിയിൽ നിന്ന് കെ.സി അബ്ദുൽ ലത്തീഫ് സ്വീകരിച്ചു. 2500 ലധികം ആളുകൾ പങ്കെടുത്ത ഇഫ്താറിൽ ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ സെക്രട്ടറി കെ.അബ്ദുൽസലാം സ്വാഗതം പറഞ്ഞു.