മക്ക- റമദാന്‍ അവസാന പത്ത് ദിവസങ്ങളിലേക്ക് പ്രവേശിച്ചതോടെ മക്കയില്‍ വ്യോമ നിരീക്ഷണം വര്‍ധിപ്പിച്ചു. രാവും പകലും വിശുദ്ധ ഹറമില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഉംറ സുരക്ഷാ സേനകളുമായി ചേര്‍ന്നാണ് ജനറല്‍ സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡ് വ്യോമ നിരീക്ഷണങ്ങളുടെ എണ്ണം കൂട്ടിയത്.
മക്കാ നഗരത്തിലെ പ്രധാന റോഡുകളില്‍ നിരീക്ഷണം നടത്തി എല്ലാ സര്‍ക്കാര്‍ സുരക്ഷാ മേഖലകളിലേക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനു പുറമെ രക്ഷാ, ഒഴിപ്പിക്കല്‍ ദൗത്യവും വ്യോമ കമാന്‍ഡ് ഏറ്റെടുക്കും.
വിശുദ്ധ റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ അതീവ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കാന്‍ ഇരുഹറംകാര്യ മേധാവി ഡോ. അബുദ്‌റഹ്്മാന്‍ അല്‍ സുദൈസ് ആഹ്വാനം ചെയ്തു.
വരുംദിനങ്ങള്‍ പ്രാര്‍ഥനക്കും ഉംറ നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനും ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ജനറല്‍ പ്രസിഡന്‍സി ഉദ്യോഗസ്ഥരോട് പറഞ്ഞു. നരകത്തീയില്‍നിന്ന് അകലാന്‍ അവസരമൊരുക്കുന്ന റമദാനിലെ അവസാന ദിനങ്ങളില്‍ പ്രവാചകന്‍ (സ) അതീവ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം ഉണര്‍ത്തി.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മെയ് 30ന് ഗള്‍ഫ്, അറബ് രാജ്യങ്ങളുടെ രണ്ട് ഉച്ചകോടികള്‍ മക്കയില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഹൂത്തികള്‍ ഈയിടെ യു.എ.ഇ തീരത്തും സൗദി അറേബ്യയിലും നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കും ഇതര അറബ് രാജ്യങ്ങള്‍ക്കും സല്‍മാന്‍ രാജാവ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.
ക്ഷണിക്കപ്പെട്ട നേതാക്കള്‍ അല്ലാഹുവിന്റെ അതിഥികളായും സൗദി അറേബ്യയുടെ അതിഥികളുമായാണ് എത്തുന്നതെന്ന് പറഞ്ഞ അല്‍ സുദൈസ് ഉച്ചകോടികള്‍ വിജയിപ്പിക്കാന്‍ പ്രസിഡന്‍സി ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.