മക്ക- പുണ്യകേന്ദ്രമായ മാക്കാനഗരിയുടെ മുഖഛായ കഴിഞ്ഞ 40 വർഷങ്ങളിൽ എത്രമാത്രംമാറിയെന്ന് വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങളടങ്ങിയ പോസ്റ്റ് അറബ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഹിജ്‌റ വർഷം 1400 ലെയും ഈ വർഷം അഥവാ 1440 ലെയും മക്കയുടെ ചിത്രങ്ങൾ ചേർത്തുവെച്ച പോസ്റ്റാണ് നവ മാധ്യമ ഉപയോക്താക്കളുടെ മനം കവർന്നത്.
ഒരുപക്ഷേ, ലോകത്തെ മറ്റൊരു നഗരവും ഈ ചുരുങ്ങിയ കാലയളവിൽ ഇത്രത്തോളം വികസിച്ചിട്ടില്ലായിരിക്കും. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവും ഇന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വരെ എത്തിനിൽക്കുന്ന പിന്മുറക്കാരായ അദ്ദേഹത്തിന്റെ മക്കളും ലോക മുസ്‌ലിംകളുടെ കഅ്ബ സ്ഥിതി ചെയ്യുന്ന ഈ മണ്ണിന് കൽപിച്ച പ്രാധാന്യം ഒറ്റനോട്ടത്തിൽ വിളിച്ചുപറയുന്നതാണ് ഈ പോസ്റ്റ്. ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്നും പുണ്യ നഗരിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകർക്ക് പരമാവധി സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെ ഹറമിന്റെ വികസന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്.
ഒന്നാമത്തെ ചിത്രത്തിൽ വാദി ഇബ്രാഹിമിനോട് ചേർന്നു കിടക്കുന്ന പാറക്കെട്ടുകൾ നിറഞ്ഞ പർവതങ്ങളും താഴ്‌വാരങ്ങളുമെല്ലാം പ്രകടമായി കാണാൻ സാധിച്ചിരുന്നു. എന്നാൽ പഴയ ഒരുപാട് പ്രദേശങ്ങളിലേക്ക് ഹറം തന്നെ വികസിച്ചതായി പുതിയ ചിത്രം നമുക്ക് മനസ്സിലാക്കിത്തരുമെന്ന് കിംഗ് അബ്ദുൽഅസീസ് യൂനിവേഴ്‌സിറ്റിയിലെ മക്ക ഹിസ്റ്ററി സെന്റർ മേധാവി ഡോ. ഫവാസ് അൽദഹാസ് ചിത്രങ്ങൾ പങ്കുവെച്ച് അഭിപ്രായം രേഖപ്പെടുത്തി. ഇന്ന് നഗരത്തിന്റെ കൊടിയടയാളമായി മക്ക ക്ലോക്ക് ടവർ മാറിക്കഴിഞ്ഞു. ഇരു ഹറമുകൾക്കും അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന തീർഥാടകർക്കും സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നൽകുന്ന പരിഗണനയുടെ പ്രതിഫലനമാണ് നിലവിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങളെന്നും ഡോ. ഫവാസ് അൽദഹാസ് പറഞ്ഞു. സൽമാൻ രാജാവിന്റെ ഭരണ കാലത്ത് അഞ്ച് പ്രധാന വികസന പദ്ധതികൾക്കാണ് മസ്ജിദുൽ ഹറാം സാക്ഷ്യം വഹിച്ചത്. 15 ലക്ഷം ചതുരശ്ര മീറ്റർ വ്യാപ്തിയിൽ 20 ലക്ഷം പേർക്ക് നമസ്‌കരിക്കാൻ സൗകര്യമൊരുക്കുന്ന ഹറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായ മൂന്നാം ഘട്ട വികസനവും ഇവയിൽ ഉൾപ്പെടുന്നു. 2030 ഓടെ വർഷംതോറും 30 ദശലക്ഷം ഹജ്, ഉംറ തീർഥാടകർക്ക് സുഗമമായി കർമം നിർവഹിക്കാൻ സൗകര്യമൊരുക്കുക എന്നതാണ് സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 വിഭാവന ചെയ്യുന്നത്.