മക്ക- വിശുദ്ധ റമദാനിൽ ഏറ്റവും പുണ്യം നിറഞ്ഞ അവസാന പത്ത് ദിവസങ്ങൾ മസ്ജിദുൽ ഹറാമിന് സമീപം ചെലവഴിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മക്കയിലെത്തി. അൽസ്വഫാ കൊട്ടാരത്തിലെത്തിയ രാജാവിനെ സ്വീകരിക്കുന്നതിന് മക്ക ഗവർണറും രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ, ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഫൈസൽ ബിൻ മുഹമ്മദ് രാജകുമാരൻ തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.
റോയൽകോർട്ട് അംഗവും ഉന്നത പണ്ഡിതസഭാംഗവുമായ ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ്, ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, ഉന്നത പണ്ഡിതസഭാംഗവും റോയൽകോർട്ട് ഉപദേഷ്ടാവുമായ ഡോ. സഅദ് ബിൻ നാസർ അൽശസ്‌രി, മക്കാ മേയർ എൻജി. മുഹമ്മദ് അൽഖുവൈഹിസ്, പൊതുസുരക്ഷാവിഭാഗം മേധാവി ജനറൽ ഖാലിദ് അൽഹർബി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.