മഞ്ചേരി- ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ചു വിവിധ രീതിയിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തിവരികയായിരുന്ന സംഘത്തിൽ ഒളിവിലായിരുന്ന ഒരു കാമറൂൺ സ്വദേശി കൂടി പിടിയിൽ. കാമറൂൺ നോർത്ത് വെസ്റ്റ് റീജിയൻ സ്വദേശിയായ ങ്കോ മിലാൻറേ ണ്ടാങ്കോ (26 )യെയാണ് മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം ഹൈദരാബാദ് നീരദ്‌മേട്ടിൽ നിന്നു അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിസയിലാണ് പ്രതി ഇന്ത്യയിൽ വന്നത്. ഒരാഴ്ചയോളം ഹൈദരാബാദിൽ താമസിച്ച പോലീസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിൽ പ്രതിയുടെ താമസസ്ഥലം നിരീക്ഷിച്ച ശേഷം പുലർച്ചെ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കാമറൂൺ, നൈജീരിയ സ്വദേശികളടക്കം പന്ത്രണ്ടു പേരെയാണ് മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി ഇതിനകം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നു സൂചനകൾ ലഭിച്ചിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ പ്രതികളുൾപ്പെട്ട സംഘം നടത്തിയതായി കണ്ടെത്തി. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികൾക്കു കീഴിലുള്ള കോളേജുകളിൽ പഠനം നടത്താനെന്ന മട്ടിലും വൈദ്യസഹായങ്ങൾക്കെന്ന പേരിലും വിസ സംഘടിപ്പിച്ചു വരുന്ന ഇത്തരം തട്ടിപ്പുകാർ കോളേജുകളിൽ കൃത്യമായി പോകാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു ധനാപഹരണം നടത്തുകയാണ് ചെയ്യുന്നത്. പ്രതിയുടെ വിസ ഒരു വർഷം മുമ്പ് കാലാവധി അവസാനിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തുടരന്വേഷണം നടത്തും.
സർജിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ വിതരണക്കാരായ മഞ്ചേരി സബാഹ് എന്റർപ്രൈസസ് ഉടമയാണ് കേസിലെ പരാതിക്കാരൻ. സ്ഥാപനത്തിനു വിതരണം ചെയ്യാനാവശ്യമായ മരുന്നുകൾ ഇന്റനെറ്റിൽ തെരയുന്നതിനിടെയാണ് പ്രതികൾ പരാതിക്കാരനുമായി ബന്ധപ്പെട്ടത്. ആവശ്യമുള്ള മരുന്നുകൾ എത്തിക്കാമെന്നു വാഗ്ദാനം ചെയ്ത പ്രതികൾ 1,02,500 രൂപ 2018 മാർച്ച് 13 നും 24നും ഇടയിലായി തട്ടിയെടുത്തുവെന്നായിരുന്നു പരാതി. 2018 ജുൺ 11ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. പിന്നീട് ഇതേ സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്‌സൈറ്റും മറ്റും ഉപയോഗിച്ചു വിവിധ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് മറ്റുള്ളവരിൽ നിന്നു പണം തട്ടിയെടുത്തുവെന്ന കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലയത്. കേസിലെ പ്രതികൾ പഞ്ചാബ് ലുധിയാന, ഉത്തർപ്രദേശിലെ ആഗ്ര, മധ്യപ്രദേശിലെ റീവ, ഗുജറാത്ത് അഹമ്മദാബാദ്, ഗോവ, ബംഗളുരൂ, ഹൈദരാബാദ്, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളിൽ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദേശ പ്രകാരം ഡി.വൈ.എസ.്പി ജലീൽ തോട്ടത്തിൽ, സി.ഐ എൻ.ബി.ഷൈജു എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം.അബ്ദുള്ള ബാബു, സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ ടി.പി മധുസൂദനൻ, എം ഷഹബിൻ, കെ സൽമാൻ, സ്രാമ്പിക്കൽ ഷാക്കിർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ സെല്ലിലെ ജയചന്ദ്രൻ, ത്വാഹിർ എന്നിവരും അന്വേണസംഘത്തിലുണ്ടായിരുന്നു. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.