Sorry, you need to enable JavaScript to visit this website.

ജനകീയ സമരങ്ങളെ തീവ്രവാദ ബന്ധം ആരോപിച്ച്  അടിച്ചമർത്താൻ അനുവദിക്കില്ല -വെൽഫെയർ പാർട്ടി

കൊച്ചി- ജനകീയ പ്രക്ഷോഭങ്ങളെ തീവ്രവാദ ബന്ധം ആരോപിച്ച് അടിച്ചമർത്താനുള്ള പിണറായി സർക്കാർ നീക്കം അനുവദിക്കില്ലെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങറയിലും കിനാലൂരിലും ആദിവാസ സമരത്തിന് നേരെയും പൊമ്പിളെ ഒരുമൈ സമരത്തിന് നേരെയുമെല്ലാം  സിപിഎം നേതാക്കൾ നേരത്തെ ഉന്നയിച്ച് പരാജയപ്പെട്ട അതേ ആരോപണമാണ് ഇപ്പോൾ പുതുവൈപ്പ് സമരത്തിന് നേരെയും ഉന്നയിക്കുന്നത്. കേരള മുഖ്യമന്ത്രി ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടയാളാണ് എന്ന ബോധ്യം മറന്നാണ് പെരുമാറുന്നത്. 
പ്രതിപക്ഷത്തിരുന്നപ്പോൾ തെരുവുഗുണ്ട എന്ന് പിണറായി തന്നെ ആരോപിച്ച പോലീസ് ഉദ്യോഗസ്ഥനെ സമരത്തെ നേരിടാൻ പറഞ്ഞയച്ചത്  വ്യക്തമായ സന്ദേശമാണ്. പുതുവൈപ്പിൽ സ്ഥലം എം.എൽ.എ തന്നെ സി.ആർ.ഇസെഡ് ലംഘനമുണ്ടെന്ന് പറഞ്ഞിരിക്കുന്നു. ജനങ്ങളുമായി മന്ത്രി നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ പോലും മുഖവിലക്കെടുക്കാതെ ജനത്തെ ആക്രമിച്ചും ഭീകരവാദപ്പട്ടം ചാർത്തിയും സമരത്തെ ചോരയിൽ മുക്കിക്കൊല്ലണമെന്നത് ആരുടെ ഉപദേശമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
അധികാര വികേന്ദ്രീകരണവും പഞ്ചായത്തീരാജ് ബില്ലും നടപ്പിലായിട്ടും ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാൻ കോടതികൾ കയറേണ്ട ഗതികേടിലാണ്. പ്രതികരിക്കുന്നവരെ മാവോയിസ്‌റ്റെന്നും ഭീകരവാദിയെന്നും മുദ്ര ചാർത്തുന്നു. ഒരു പോലീസുദ്യോഗസ്ഥൻ സ്വയം മെനഞ്ഞ കഥയാണ് പുതുവൈപ്പിലെ ഭീകരവാദാരോപണം എന്ന് വെൽഫെയർ പാർട്ടി കരുതുന്നില്ല. മുഖ്യമന്ത്രിയുടെയും  അദ്ദേഹത്തിന്റെ പോലീസ് ഉപദേശകരുടെയും അറിവോടെ നടത്തുന്ന വ്യാജ പ്രചാരണമാണിത്. 
ജനകീയ സമരങ്ങളെ തല്ലിയൊതുക്കുമെന്ന തരത്തിൽ പല തവണ പിണറായി വിജയൻ ഭീഷണി മുഴക്കിയിട്ടുണ്ട്. മോഡിയുടെയും വെങ്കയ്യ നായിഡുവിന്റെയും അതേസ്വരം തന്നെയാണ് ഇക്കാര്യത്തിൽ പിണറായി വിജയന്റെതും എന്നത് യാദൃഛികമായി കാണാനാവില്ല.  പുതുവൈപ്പിലെ ജനകീയ സമരത്തിന് വെൽഫെയർ പാർട്ടി നൽകുന്ന പിന്തുണ ശക്തമായി തുടരും. അത് പുതുവൈപ്പ് നിവാസികളുടെ ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ്.  
സമരക്കാർക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കണം. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ക്രൂരമായി ആക്രമിക്കാൻ നേതൃത്വം നൽകിയ എല്ലാ ഉദ്യോഗസ്ഥരെയും മാതൃകാപരമായി ശിക്ഷിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുകയും മുഖ്യമന്ത്രി പുതുവൈപ്പിലെത്തി ജനങ്ങളുമായി ചർച്ച ചെയ്യുകയും വേണമെന്നും വെൽഫെയർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു
പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശേരി, ജില്ലാ ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ എന്നിവർ പങ്കെടുത്തു. 

 

Latest News